ചേർത്തല : സി.പി.എം. അരൂർ ഏരിയ സമ്മേളനം പൊതുസമ്മേളനത്തോടെ തുടങ്ങി. ചന്തിരൂരിൽ നടന്ന സമ്മേളനം ഓൺലൈനായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇടതുസർക്കാർ നടപ്പാക്കുന്ന വികസനപദ്ധതികൾ അട്ടിമറിക്കാൻ ആസൂത്രിതനീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസും ബി.ജെ.പി.യും ഒരേദിശയിലാണ് സഞ്ചരിക്കുന്നത്. കെ-റെയിലും കിഫ്ബിവഴിയുള്ള വികസനപദ്ധതികളും സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റും. എന്നാൽ, ഇടതുസർക്കാരിന്റെ കാലത്ത് യാതൊരു വികസനവും നടപ്പാകരുതെന്നാണ് ഇവരുടെ അജൻഡയെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിനു മുന്നോടിയായി പാർട്ടിയുടെ മൺമറഞ്ഞ 260 പ്രധാന പ്രവർത്തകരുടെ വീടുകളിൽനിന്ന് സമ്മേളനനഗരിയിലേക്ക് പതാകകൾ എത്തിച്ചു. മേനാശ്ശേരി രക്തസാക്ഷിമണ്ഡപത്തിൽനിന്ന് കൊടിമരജാഥ ജില്ലാ സെക്രട്ടേറിയറ്റംഗം മനു സി. പുളിക്കൽ ജാഥാ ക്യാപ്റ്റൻ പി.ഡി. രമേശനു കൈമാറിയും വയലാർ രക്തസാക്ഷിമണ്ഡപത്തിൽ പതാകാജാഥ സംസ്ഥാനകമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബു ജാഥാ ക്യാപ്റ്റൻ എൻ.പി. ഷിബുവിനു കൈമാറിയും ഉദ്ഘാടനം ചെയ്തു. ജാഥകൾ പൊന്നാംവെളിയിൽ ഒത്തുചേർന്ന് ചന്തിരൂരിൽ സമാപിച്ചു.
സ്വാഗതസംഘം ചെയർമാൻ എ.എം. ആരിഫ് എം.പി. ദീപശിഖയും കൊടിമരവും പതാകയും ഏറ്റുവാങ്ങി. ബുധനാഴ്ച 10-ന് ചന്തിരൂർ പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രതിനിധിസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി പി.കെ. സാബു റിപ്പോർട്ട് അവതരിപ്പിക്കും. ആറിനു വൈകീട്ട് സമ്മേളനം സമാപിക്കും.