തിരുവനന്തപുരം: തൊടുപുഴയിലെ വനിതാ ഡോക്ടറെ അക്രമിച്ചത് മ്യൂസിയം കേസ് പ്രതി സന്തോഷല്ലെന്ന് സൂചന നല്‍കി പോലീസ് .മ്യൂസിയം പോലീസ് നല്കിയ സന്തോഷിന്‍റെ ഫോട്ടോ പോലീസ് ഡോക്ടര്‍ക്ക് അയച്ചുകോടുത്തു.ഡോക്ടര്‍ക്ക് തിരിച്ചറിയാനായില്ല .ഡിസംബര്‍ 6ലെ സന്തോഷിന്‍റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.സന്തോഷല്ലെന്ന് സ്ഥിരികരിക്കാനാണിത്.മൊബൈല്‍ വിവരം ലഭിക്കാനായി തൊടുപുഴ പോലീസ് സൈബര്‍ സെല്ലിനെ സമീപിച്ചു.
കണ്ണൂർ സ്വദേശിനിയായ ഡോക്ടറുടെതായിരുന്നു പരാതി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യവെ 2021 ഡിസംബർ ആറിന് ആയിരുന്നു സംഭവം. ആശുപത്രിയിൽ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ഒരു ക്ഷേത്ര പരിസരത്ത് വച്ചാണ് ആക്രമണമുണ്ടായത്. അന്നുതന്നെ ഡോക്ടർ പരാതി നൽകിയിരുന്നു. പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.
സന്തോഷാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലന്ന് തൊടുപുഴ ഡിവൈഎസ്പി മധുബാബു പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. പ്രതി പാതി മുഖം മറച്ചത് അന്വേഷണത്തിന് തടസ്സമായി. ചിത്രം വരച്ച് കൂടുതൽ അന്വേഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് മ്യൂസിയം കേസ് ശ്രദ്ധയിൽപ്പെട്ടതെന്നും അതുകൊണ്ടാണ് മ്യൂസിയം പൊലീസിനോട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടതൊന്നും തൊടുപുഴ ഡിവൈഎസ്പി വ്യക്തമാക്കി.
അതേസമയം സന്തോഷിനെ മ്യൂസിയം പരിസരത്ത് സ്ത്രീയെ ആക്രമിച്ച സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. മ്യൂസിയത്തിനകത്തെത്തിയാണ് പൊലീസ് പ്രതിയുമായി പരിശോധന നടത്തിയത്. കുറവൻകോണത്ത് സ്ത്രീയുടെ വീട്ടിൽ കയറിയതിനും സന്തോഷിനെതിരെ കേസുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്‍റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ ആയിരുന്നു സന്തോഷ്.