ദില്ലി: ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിക്കും. ഹൈക്കോടതി ശരിവെച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ആയതിനാല്‍ വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുക. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന സര്‍ക്കാര്‍ വാദത്തോട് ഹൈക്കോടതി വിയോജിച്ചിരുന്നു.
ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുന്നത്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ ആണ് സര്‍ക്കാരിന്‍റെ അപ്പീല്‍ ഫയല്‍ ചെയ്യുക. നേരത്തെ തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മുഹമ്മദ് നിഷാം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അപ്പീൽ കനത്ത വിമർശനത്തോടെയാണ് സുപ്രീം കോടതി തള്ളിയത്. സംസ്ഥാന സർക്കാരിന്‍റെ എതിർപ്പ് കണക്കിലെടുത്തായിരുന്നു അന്ന് സുപ്രീംകോടതിയുടെ നടപടി. ജാമ്യം നേടി പുറത്തിറങ്ങിയാൽ കേസിലെ സാക്ഷികളെ അപായപ്പെടുത്താൻ നിഷാം തന്‍റെ സമ്പത്ത് ഉപയോഗിച്ചേക്കുമെന്ന് സംസ്ഥാന സർക്കാർ അന്ന് സുപ്രിംകോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ചാണ് അന്ന് ഹർജി തള്ളിയത്.
തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് നിഷാം ജയിലിലായത്. തൃശൂര്‍ ശോഭാ സിറ്റിയിലെ താമസക്കാരനായിരുന്നു മുഹമ്മദ് നിഷാം. 2015 ജനുവരി 29 പുലർച്ചെ മൂന്ന് മണിയോടെ നിഷാം എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ.ഡി. കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് നിഷാം, ചന്ദ്രശേഖറിനെ ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ എഴുന്നേൽപിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചെന്നാണ് കേസ്.
സെക്യൂരിറ്റി റൂമും ഫർണിച്ചറുകളും, ജനലുകളും അടിച്ച് തകര്‍ത്ത മുഹമ്മദ് നിഷാം ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനെയും (31) മർദിച്ചു. മറ്റ് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് ഫ്ളയിങ് സ്ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആക്രമണത്തിൽ ചന്ദ്രബോസിന്‍റെ നട്ടെല്ലും വാരിയെല്ലുകള്‍ തകർന്നിരുന്നു. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും 2015 ഫെബ്രുവരി 16ന് ഉച്ചയ്ക്ക് തൃശ്ശൂർ അമല ആശുപത്രിയിൽ വെച്ച് ചന്ദ്രബോസ് മരിച്ചു. ചന്ദ്രബോസ് വധത്തിൽ വൻജനരോഷമാണ് പിന്നീട് ഉയർന്നത്. പൊട്ടിയ വാരിയെല്ലുകൾ തറഞ്ഞുകയറി ആന്തരാവയങ്ങൾക്ക് സംഭവിച്ച മുറിവുകളും ക്ഷതങ്ങളുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. 2016 ജനുവരി 21-ന് ചന്ദ്രബോസ് വധക്കേസിൽ കൊലപാതകമുൾപ്പെടെ 9 കുറ്റങ്ങൾ തെളിഞ്ഞുവെന്നും നിസാം കുറ്റക്കാരനാണെന്നും കണ്ടെത്തിയ തൃശ്ശൂർ അഡീഷണൽ കോടതി പ്രതിക്ക് ജീവപരന്ത്യവും 24 വർഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നിഷാം 50 ലക്ഷം രൂപ ചന്ദ്രബോസിന്‍റെ ഭാര്യ ജമന്തിക്ക് നൽകാനും കോടതി ഉത്തരവിട്ടിരുന്നു.