ദില്ലി: ഒരു സ്ത്രീയെ ഉപദ്രവിച്ച കേസില്‍ പിടിയിലായ ഓട്ടോറിക്ഷക്കാരന്‍ പൊലീസില്‍ നിന്നും രക്ഷപ്പെട്ടു പോകുന്നതിനിടെ വാഹനം ഇടിച്ച് മരിച്ചു. ഞായറാഴ്ച ദില്ലി നോര്‍ത്ത് സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്താണ് സംഭവം.രാഹുല്‍ എന്നാണ് മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ പേര്. ഇയാള്‍ മജ്നു കാ ടില ഏരിയയില്‍ താമസിക്കുന്നയാളാണ് എന്നാണ് ദില്ലി പൊലീസ് പറയുന്നത്. ശനിയാഴ്ചയാണ് 40 വയസുള്ള സ്ത്രീ ഇയാള്‍ക്കെതിരെ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മെട്രോ സ്റ്റേഷനില്‍ വച്ച് ഓട്ടോ ഡ്രൈവര്‍ മോശമായി പെരുമാറി എന്നതായിരുന്നു പരാതി.
ഇലകട്രിക് ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ് പരാതിക്കാരിയായ യുവതിയും. മെട്രോ സ്റ്റേഷന് പുറത്ത് യാത്രക്കാരെ കാത്തിരിക്കുമ്പോഴാണ് രാഹുല്‍ അപമാനിക്കാന്‍ ശ്രമിച്ചത് എന്നാണ് സ്ത്രീ പറയുന്നത്.സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് രണ്ട് പൊലീസുകാര്‍ക്കൊപ്പം സ്റ്റേഷനില്‍ എത്തിയ ഓട്ടോ ഡ്രൈവറായ യുവതി പൊലീസുകാര്‍ക്ക് രാഹുലിനെ കാണിച്ചുകൊടുത്തു. ഇയാളോട് സ്റ്റേഷനിലേക്ക് എത്താന്‍ പറഞ്ഞു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ പരാതിക്കാരി ഇയാളോട് കൂടുതല്‍ ദേഷ്യപ്പെട്ടു.
പൊലീസുകാര്‍ പരാതിക്കാരിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ആരോപണ വിധേയനായ രാഹുല്‍ സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സ്റ്റേഷന്‍ പരിസരത്തെ റോഡിലേക്ക് ഇറങ്ങിയ ഇയാളെ ഒരു വാഹനം ഇടിക്കുകയായിരുന്നു. ഈ വാഹനം കണ്ടെത്താന്‍ സാധിച്ചില്ല.
രാഹുലിനെതിരെ ഐപിസി 354, ഐപിസി 509 വകുപ്പുകള്‍ പ്രകാരം സ്ത്രീകളെ ആക്രമിച്ചതിനും, സ്ത്രീകളെ അപമാനിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചതിനും പൊലീസ് കേസ് എടുത്തിരുന്നു. മറ്റൊരു കേസില്‍ ഇയാള്‍ മരണപ്പെട്ട കേസില്‍ ഐപിസി 279, ഐപിസി 304 എ എന്നിവ പ്രകാരം തിരിച്ചറിയാത്ത വാഹനം ഓടിച്ചയാള്‍ക്കെതിരെ കേസ് എടുത്തു. ഇയാളെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്.
അതേ സമയം സംഭവത്തിനെ തുടര്‍ന്ന് രാഹുലിന്‍റെ ബന്ധുക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടുകയും ഏതാണ്ട് മൂന്ന് മണിക്കൂറോളം സംഘര്‍ഷാവസ്ഥയുണ്ടാകുകയും ചെയ്തു. രാഹുലിനെതിരെ പരാതി കൊടുത്ത സ്ത്രീക്കെതിരെ കേസ് എടുക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. അവസാനം പൊലീസ് ഇവരുടെ പരാതി പരിഗണിക്കാം എന്ന് പറഞ്ഞാണ് സ്ഥിതി ശാന്തമാക്കിയത്.