കണ്ണൂർ∙ മുന്നാക്ക സംവരണം കോൺഗ്രസ് വളരെ മുൻപു തന്നെ ആവശ്യപ്പെടുന്നതാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ‘‘നിലവിലുള്ളവരുടെ ആനുകൂല്യത്തെ അത് ഒരു തരത്തിലും ബാധിക്കരുത്. അവരുടെ ആനുകൂല്യങ്ങൾക്ക് പോറലേൽപിക്കാതെ മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് സംവരണം നൽകുകയെന്നത് അനിവാര്യമാണ്, സാമൂഹിക നീതിയാണ്’’– കെ.സുധാകരൻ പറഞ്ഞു.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% സംവരണം ഏർപ്പെടുത്തിയ നടപടി സുപ്രീം കോടതി ശരിവച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖമെന്നും കെ.സുധാകരൻ പറഞ്ഞു. മാധ്യമങ്ങളോട് ഇത്തരത്തിൽ പ്രതികരിക്കുന്ന വ്യക്തികളോടോ സ്ഥാപനങ്ങളോടോ കോൺഗ്രസിന് ആദരവില്ല. സത്യസന്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ ഗെറ്റൗട്ട് അടിക്കുകയും പുറത്താക്കുകയും ചെയ്യുന്നതു ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ് കൈരളി, മീഡിയ വൺ ചാനലുകളോട് ഗവർണർ പുറത്തുപോകാൻ ആവശ്യപ്പെട്ടതിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.