തിരുവനന്തപുരം∙ പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കൽ നോട്ടിസിന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ (വിസി) ഗോപിനാഥ് രവീന്ദ്രൻ മറുപടി നൽകി. നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് അഭിഭാഷകൻ മുഖേന നൽകിയ മറുപടിയിൽ പറയുന്നു. പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനുള്ള അവസാന ദിനമാണ് ഇന്ന്. ഗവർണറുടെ നോട്ടിസിന് 9 വിസിമാരിൽ 6 പേരുടെ വിശദീകരണം ഇന്നലെ രാജ്ഭവനിൽ ലഭിച്ചിരുന്നു. സംസ്ഥാനത്തെ ഒൻപതു സർവകലാശാലകളുടെ വൈസ് ചാൻസലർമാർ രാജിവയ്ക്കണമെന്ന് നേരത്തേ ഗവർണർ നിർദേശിച്ചിരുന്നു. ചാൻസലറായ ഗവർണർ അന്തിമതീരുമാനം എടുക്കുന്നതുവരെ വിസിമാർക്ക് തുടരാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കി. തുടർന്നാണ് പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ഗവർണർ നോട്ടിസ് നൽകിയത്.