കൊല്ലം : നഗരത്തിൽ ആധുനികസൗകര്യങ്ങളുള്ള മൊബിലിറ്റി ഹബ്ബ് നിർമിക്കാൻ അനുമതിയായി. വികേന്ദ്രീകൃത ആസൂത്രണത്തിനുള്ള സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് 30 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകിയത്. നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ലോറിസ്റ്റാൻഡിൽ നിർമിക്കുന്ന മൊബിലിറ്റി ഹബ്ബ് ഏറെ ആശ്വാസമാകും. തിരുവനന്തപുരം, ആയൂർ ഭാഗത്തേക്കുള്ള ബസ് യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിനും പരിഹാരമാകും. ഹബ്ബ് സ്ഥാപിക്കാനുള്ള വിശദമായ പദ്ധതിരേഖയുടെ കരടിന് കോർപ്പറേഷൻ കൗൺസിൽ മാസങ്ങൾക്കുമുൻപ് അംഗീകാരം നൽകിയിരുന്നു. എന്നാൽ വലിയ പദ്ധതിയായതിനാൽ ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചിരുന്നില്ല.
ഹബ്ബിൽ കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകൾക്ക് നിർത്തിയിടാൻ സൗകര്യമുണ്ടാകും. ഇപ്പോൾ ചിന്നക്കടയിലും ആണ്ടാമുക്കത്തുമാണ് ബസുകൾ നിർത്തുന്നത്. റെയിൽവേ ഗേറ്റ് അടച്ചിടുന്നതുമൂലം എസ്.എൻ.കോളേജ് റെയിൽവേ മേൽപ്പാലം വഴിയാണ് ബസുകൾ പോകാറ്. വൃത്തിയും സൗകര്യങ്ങളുമുള്ള ശൗചാലയങ്ങളില്ലാത്തതും ബസ് കാത്തിരിക്കാൻ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതും യാത്രക്കാരെ വലച്ചിരുന്നു. രാത്രിയാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടിയിരുന്നത്. ബസ് കാത്ത് ചിന്നക്കട മേൽപ്പാലത്തിനുസമീപമാണ് യാത്രക്കാർ ഇപ്പോൾ നിൽക്കാറ്. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് കഴിഞ്ഞാൽ റെയിൽവേ സ്റ്റേഷനുമുന്നിലാണ് ദീർഘദൂര ബസുകൾ നിർത്തുക. ആയൂർ, അഞ്ചൽ ഭാഗത്തേക്കുള്ള യാത്രക്കാർ മഴയും വെയിലുമേറ്റാണ് ബസ് കാത്തുനിൽക്കുന്നത്.
റെയിൽവേ സ്റ്റേഷനിൽനിന്ന് എത്തുന്ന യാത്രക്കാർക്കും ഹബ്ബ് ആശ്വാസമാകും. ആധുനിക ശൗചാലയങ്ങൾ, കഫെറ്റീരിയ എന്നിവയും ഒരുങ്ങും. വർഷങ്ങളായി മൊബിലിറ്റി ഹബ്ബ് നിർമാണം കോർപ്പറേഷന്റെ പരിഗണനയിലുണ്ടായിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ മുടങ്ങുകയായിരുന്നു. മൊബിലിറ്റി ഹബ്ബിന്റെ താഴത്തെ നിലയിലും ഒന്നാംനിലയിലും കടമുറികളുണ്ടാകും. ഷോപ്പിങ്ങിന് വിപുലമായ സൗകര്യങ്ങൾ ഇവിടെയുണ്ട്. ഫുഡ് കോർട്ട്, സ്ത്രീ സൗഹൃദ ടോയ്ലെറ്റുകൾ, ഓട്ടോ-ടാക്സി സൗകര്യങ്ങൾ എന്നിവ ഹബ്ബിലുണ്ടാകും. ഓഫീസുകൾ പ്രവർത്തിക്കാനുള്ള സൗകര്യം, ഓഡിറ്റോറിയം എന്നിവയും മുകളിലെ നിലകളിൽ സജ്ജമാക്കും. വിവിധ ഭാഗങ്ങളിൽനിന്ന് എളുപ്പത്തിൽ എത്താനാകുമെന്നതും മെച്ചമാകും. 11-ന് ചേരുന്ന കോർപ്പറേഷൻ കൗൺസിൽ യോഗം പദ്ധതിയെപ്പറ്റി ചർച്ച ചെയ്യും.