കുറച്ചു വർഷങ്ങളായി തണുപ്പുകാലത്തിന്റെ ആരംഭത്തിൽ അനുഭവിക്കുന്ന രൂക്ഷമായ വായു മലിനീകരണത്തിന്റെ പിടിയിലാണ് ഡൽഹി. ഒക്ടോബർ ഒടുവിൽ തുടങ്ങി നവംബർ അവസാനം വരെ വിഷപ്പുക ശ്വസിച്ചാണ് ഡൽഹി നിവാസികൾ ജീവിക്കുന്നത്.
ഏതാനും ദിവസങ്ങളായി അതീവ രൂക്ഷമായിരുന്ന വായുമലിനീകരണത്തിന് നേരിയ കുറവ് വന്നിട്ടുണ്ട്. എങ്കിലും അൽപ്പ നേരം പുറത്ത് ചെലവഴിച്ചാൽ ശ്വാസം മുട്ടി തുടങ്ങും. കണ്ണുകൾ ചുട്ടു നീറുന്നതു പോലെ അനുഭവപ്പെടും. ഇതോടെ കഴിയുന്നത്ര മുറികൾക്കുള്ളിലേക്ക് ഒതുങ്ങാന്‍ ജനങ്ങളും ശ്രമിക്കുന്നു. ഏതാനും വർഷങ്ങളായി ഈ സമയങ്ങളില്‍ ഇതാണ് ഡൽഹിയിലേയും ഉപഗ്രഹ നഗരങ്ങളായ യുപിയിലെ നോയിഡ, ഗാസിയാബാദ്, ഹരിയാനയിലെ ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലേയുമൊക്കെ അവസ്ഥ.