ദോഹ: ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി. നിരോധിത മരുന്നുകളുമായി ഖത്തറിലേക്ക് വരരുതെന്നാണ് എംബസി മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയില്‍ നിന്നെത്തുന്ന ലോകകപ്പ് ആരാധകര്‍ക്കായി എംബസി പുറത്തിറക്കിയ യാത്രാ നിര്‍ദ്ദേശത്തിലാണ് ഈ വിവരം വ്യക്തമാക്കിയിട്ടുള്ളത്.
നാര്‍കോട്ടിക് കണ്ടന്‍റുകള്‍ ഉള്ളതും മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതുമായ പല മരുന്നുകളും ഖത്തറിലേക്ക് കൊണ്ടു വരുന്നത് നിരോധിച്ചിട്ടുണ്ട്. ഖത്തറില്‍ നിരോധിച്ച മരുന്നുകളുടെ പൂര്‍ണ ലിസ്റ്റ് ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഖത്തറിലുള്ള ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വേണ്ടി മരുന്നുകള്‍ കൊണ്ടുവരരുതെന്നും നിര്‍ദ്ദേശത്തിലുണ്ട്. വ്യക്തിഗത ഉപയോഗത്തിനായി ഖത്തറില്‍ നിരോധിച്ചിട്ടില്ലാത്ത മരുന്നുകള്‍ കൊണ്ടുവരാം. സര്‍ക്കാര്‍ അംഗീകൃത ആശുപത്രികളിലെ ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ കൈവശം ഉണ്ടാകണം. നിരോധിത മരുന്നുകള്‍ കൊണ്ടുവരുന്നത് അറസ്റ്റിനും ജയില്‍ശിക്ഷയ്ക്കും ഇടയാക്കുമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.