തിരുവനന്തപുരം : സംസ്ഥാനത്തു സ്വകാര്യ കൽപിത സർവകലാശാലകൾ തുടങ്ങുന്നതിനുള്ള സുപ്രധാന നീക്കവുമായി സർക്കാർ. കൽപിത സർവകലാശാലകൾ സ്ഥാപിക്കുന്നതിനെ കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി ഉത്തരവ് ഇറക്കി. കൽപിത സർവകലാശാലയുമായി ബന്ധപ്പെട്ടു വിശദമായ നയരൂപീകരണവും നിയമനിർമാണവും നടത്തുന്നതിന് ആവശ്യമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കൗൺസിലിനെ നിയോഗിച്ചിരിക്കുന്നത്. സ്വയംഭരണ പദവി ഉള്ള രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് കൽപിത സർവകലാശാലയാക്കി മാറ്റുന്നതിന് അനുമതി ആവശ്യപ്പെട്ടു സർക്കാരിന് അപേക്ഷ നൽകിയതാണ് ഇത്തരമൊരു തീരുമാനത്തിനു കാരണം. രാജഗിരിയുടെ അപേക്ഷ സർക്കാർ വിശദമായി പരിശോധിച്ചു. സംസ്ഥാനത്തെ മറ്റു സ്വയംഭരണ കോളജുകളും കൽപിത സർവകലാശാലയാക്കി മാറ്റുന്നതിന് അനുമതി തേടി ഭാവിയിൽ സമീപിക്കാൻ സാധ്യതയുണ്ടെന്നാണു പ്രതീക്ഷിക്കുന്നത്.
ഈ സാഹചര്യത്തിൽ സ്വകാര്യ കൽപിത സർവകലാശാലകൾ സംബന്ധിച്ചു സംസ്ഥാനത്തു നയവും നിയമവും ഉണ്ടാകണം. ഇതിനാവശ്യമായ പഠനം നടത്തി ആയിരിക്കും ഉന്നത വിദ്യാഭ്യാസ കൗൺസിൽ റിപ്പോർട്ട് സമർപ്പിക്കുക. കൽപിത സർവകലാശാല സംബന്ധിച്ചു യുജിസി ചട്ടങ്ങൾ നിലവിലുണ്ട്. അതിനു വിരുദ്ധമായ വ്യവസ്ഥകൾ കേരളത്തിൽ നടപ്പാക്കാനാകില്ല. യുജിസി ചട്ടങ്ങൾക്ക് അനുസൃതമായി കേരളത്തിന്റെ പ്രത്യേക സാഹചര്യം കൂടി പരിഗണിച്ചുള്ള നിയമവും നയവും ആയിരിക്കും ഇവിടെ നടപ്പാക്കാൻ സാധിക്കുക. കൂടുതൽ നിയന്ത്രണങ്ങൾക്കു സർക്കാർ ശ്രമിച്ചാൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടും.