ഷിംല : ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വലിയ പ്രചാരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇനി രണ്ട് ദിവസം മാത്രമാണ് പരസ്യ പ്രചാരണത്തിന് അവശേഷിക്കുന്നത്. കേന്ദ്ര നേതാക്കുളുടെ വലിയ നിര തന്നെ ക്യാംപ് ചെയ്ത് പ്രചാരണം കൊഴുപ്പിക്കുകയാണ്. കോൺഗ്രസും ബിജെപിയും ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് വലിയ പ്രചാരണ പരിപാടികളാണ് ഇന്നും നാളെയുമായി നടക്കുക. ശക്തമായ ഭരണ വിരുദ്ധ വികാരം നില നിൽക്കുന്ന സംസ്ഥാനം പിടിച്ചെടുക്കാൻ കോൺഗ്രസും നിലനിർത്താൻ ബിജെപിയും കടുത്ത മത്സരമാണ് കാഴ്ച വെക്കുന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് ഹിമാചലിൽ പ്രചരണത്തിന് എത്തും. ഖാർഗെ ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ നിയമസഭാതെരഞ്ഞെടുപ്പ് കൂടിയാണ് ഗുജറാത്തിലും ഹിമാചലിലും നടക്കാൻ പോകുന്നത്. സംസ്ഥാനത്ത് എത്തുന്ന ഖാർഗെ ആദ്യം മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. ഇതുവരെയുള്ള പചാരണപ്രവർത്തനങ്ങൾ വിലയിരുത്തും. ഭാരത് ജോഡോ യാത്ര താത്കാലികമായി നിർത്തിവച്ച് രാഹുൽ ഗാന്ധി ചിലപ്പോൾ ഹിമാചലിൽ എത്തിയേക്കും. മാത്രമല്ല, പ്രിയങ്ക ഗാന്ധിയുടെ ഒരു റാലി കൂടി സംസ്ഥാനത്ത് നടന്നേക്കും.