ദില്ലി: പതിമൂന്നുകാരനെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദില്ലിയിലെ നജാഫ്ഗാർഹിലാണ് സംഭവം. അബദ്ധത്തിൽ സംഭവിച്ച ആത്മഹത്യയാകാമെന്ന് പൊലീസ് പറയുന്നു.
അമ്മയുടെ വസ്ത്രങ്ങളണിഞ്ഞ് മേക്കപ്പുമിട്ട അവസ്ഥയിലായിരുന്നു പതിമൂന്നുകാരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ മാതാപിതാക്കൾ പുറത്തുപോയിരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ വീഡിയോ എടുക്കാനുള്ള ശ്രമത്തിലായിരുന്നോ കുട്ടി എന്ന സംശയമാണ് പൊലീസ് പറയുന്നത്. തമാശയ്ക്ക് വേഷം കെട്ടിയതാണോയെന്നും സംശയിക്കുന്നുണ്ട്. കുട്ടിയുടെ ഫോൺ പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടി നിരന്തരം ഫോൺ ഉപയോഗിക്കുമായിരുന്നെന്ന് മാതാപിതാക്കളും പറഞ്ഞതായി പൊലീസ് അറിയിച്ചു.
അതേസമയം, സോഷ്യൽമീഡിയയിൽ കൂടുതൽ സമയം ചെലവഴിച്ചെന്നാരോപിച്ച് യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന വാർത്തയും ഇന്ന് പുറത്തുവന്നു. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. യുവതി റീൽസുണ്ടാക്കി പോസ്റ്റ് ചെയ്യുന്നതും മറ്റുമാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 38കാരനായ ദിണ്ഡിഗൽ സ്വദേശി അമൃതലിംഗമാണ് ഭാര്യ ചിത്രയെ കൊലപ്പെടുത്തിയത്. ചിത്ര ഇൻസ്റ്റഗ്രാം പോലെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായിരുന്നു. റീൽസുണ്ടാക്കി പോസ്റ്റ് ചെയ്യുന്നതിനും മറ്റും നിരവധി തവണ ഇരുവരും തമ്മിൽ വഴക്കിട്ടിട്ടുണ്ട്. മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സ് ചിത്രയ്ക്കുണ്ട്. സിനിമയിൽ അവസരം തേടി രണ്ട് മാസം മുമ്പ് ചിത്ര ചെന്നൈയ്ക്ക് പോവുകയും ചെയ്തിരുന്നു.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ ആഴ്ചയാണ് ചിത്ര തിരുപ്പൂരിൽ തിരിച്ചെത്തിയത്. വിവാഹം കഴിഞ്ഞതോടെ വീണ്ടും ചെന്നൈയിലേക്ക് പോകാനൊരുങ്ങി. എന്നാൽ, ഇത് അമൃതലിംഗം സമ്മതിച്ചില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്നാണ് ഷാള് കൊണ്ട് കഴുത്ത് മുറുക്കി ഇയാൾ ചിത്രയെ കൊലപ്പെടുത്തിയത്. ചിത്ര വീണതോടെ അമൃതലിംഗം പേടിച്ച് വീട് വിട്ട്പോയി. മകളുടെ അടുത്തെത്തി താൻ അമ്മയെ അടിച്ചെന്ന് പറഞ്ഞു. മകൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഒളിവിൽ പോയ അമൃതലിംഗത്തെ പെരുമനെല്ലൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.