ഹൈദരാബാദ് : തെലങ്കാന ബിജെപി അധ്യക്ഷൻ ബി സഞ്ജയ് കുമാറിന്‍റെ അറസ്റ്റിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി. പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പോലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. നൂറ് കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്നാണ് ആഹ്വാനം. അതേസമയം പ്രതിഷേധ ധർണ്ണ പ്രഖ്യാപിച്ച ഗാന്ധിപ്രതിമയ്ക്ക് സമീപം കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. തെലങ്കാനയിൽ ബിജെപി-ടിആർഎസ് പോര് തെരുവിൽ മുറുകുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി സഞ്ജയ് കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടതോടെയാണ് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കലുഷിതമായത്. സംസ്ഥാന അധ്യക്ഷൻ ജുഡിഷ്യൽ കസ്റ്റഡിയിലായതോടെ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ തന്നെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാനായി തെലങ്കാനയിൽ തമ്പടിച്ചിരിക്കുന്നത്. ഇന്ന് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും തന്നെയും അറസ്റ്റ് ചെയ്യുമോ എന്ന് നദ്ദ ചോദിച്ചു.
ഇന്നലെ നദ്ദയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഹൈദരാബാദില്‍ പ്രതിഷേധ റാലി നടത്തി. അധ്യാപക സംഘടനകളുടെ പ്രതിഷേധത്തിൽ പങ്കെടുത്തതിന് കഴിഞ്ഞ ദിവസമാണ് സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം നടത്തിയെന്ന് ചൂണ്ടികാട്ടിയായിരുന്നു പോലീസ് നടപടി. വിഷയം രാഷ്ട്രീയ പോരാട്ടമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബി ജെ പി. അതുകൊണ്ട് തന്നെ ദേശീയ അധ്യക്ഷൻ തമ്പടിച്ച് നേതൃത്വം നൽകുന്ന പ്രതിഷേധം ഗുണം ചെയ്യുമെന്നും പാർട്ടി വിലയിരുത്തുന്നു. ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തിന് മരണമണി മുഴക്കുകയാണ് ചന്ദ്രശേഖർ റാവു സർക്കാരെന്നാണ് അമിത് ഷാ പ്രതികരിച്ചത്. പോലീസിനെ ഉപയോഗിച്ച് മനുഷത്വരഹിത നീക്കമാണ് സർക്കാർ നടത്തുന്നതെന്ന ആരോപണവുമായി ബിജെപി പ്രതിഷേധം ശക്തമാക്കുകയാണ്.