മൂന്നാർ∙ സ്കൂൾ അധ്യാപകൻ ഡാമിൽ ചാടി ജീവനൊടുക്കി. കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ എ.ഗണേശൻ (48) ആണ് മരിച്ചത്. ആദ്യം ഡാമിൽ ചാടിയ ഗണേശനെ രക്ഷപ്പെടുത്തിയെങ്കിലും അൽപസമയത്തിനുശേഷം വീണ്ടും ചാടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം.
ബൈക്കിലെത്തിയ ഗണേശൻ ഹെഡ് വർക്സ് ഡാമിലേക്കു ബൈക്കുമായി വീഴുന്നതു കണ്ട് തൊട്ടുപിന്നാലെയെത്തിയ രമേഷ് എന്ന ഓട്ടോ ഡ്രൈവർ രക്ഷപ്പെടുത്തി. തുടർന്ന് റോഡിലെത്തിച്ച് മറ്റൊരു ഓട്ടോയിൽ കയറ്റിയിരുത്തി. എന്നാൽ ഓട്ടോയിൽനിന്നും ചാടിയിറങ്ങി അഞ്ച് മീറ്ററോളം ഓടിയ ഗണേശൻ ഡാമിന്റെ ആഴമുള്ള ഭാഗത്തേക്കു വീണ്ടും ചാടുകയായിരുന്നു.
ഓട്ടോ ഡ്രൈവർമാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ ഒരു മണിക്കൂർ നേരം ഡാമിൽ മുങ്ങി നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ചൊക്കനാട് എസ്റ്റേറ്റിലെ എൽപി സ്കൂൾ അധ്യാപകനായ ഗണേശൻ ഉച്ചവരെ സ്കൂളിൽ ക്ലാസെടുത്തശേഷം ടൗണിൽ പോകണമെന്നു പറഞ്ഞാണ് സ്കൂളിൽനിന്ന് ഇറങ്ങിയത്.
ഗണേശനൊപ്പം കഴിഞ്ഞിരുന്ന അമ്മ മുത്തുമാരി കഴിഞ്ഞ ജൂലൈയിൽ ജലാശയത്തിൽ വീണെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അമ്മയെ കാണാതായതു മുതൽ ഗണേശൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ടാറ്റാ ടീ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ. ജ്യോതി. മക്കൾ. ലോഗേശ്വരൻ, അക്ഷയ ശ്രീ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)