തിരുവനന്തപുരം: പൊതുവിപണിയിൽ അരി വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സപ്ലൈകോയുടെ അരി വണ്ടികള്‍ വഴി ഒരാഴ്ച്ചകൊണ്ട് സബ്‌സിഡി നിരക്കിൽ വിതരണം ചെയ്‌തത് 1,31,464 കിലോ അരി. നവംബർ രണ്ടിനാണ് അരിവണ്ടികള്‍ ഫ്ലാഗ് ഓഫ് ചെയ്‌തത്.
ആദ്യ ദിവസം തന്നെ 9112 കിലോ അരി വിതരണം ചെയ്‌തു. നവംബർ മൂന്ന് – 17325 കിലോ, നവംബർ നാല് -37163കിലോ, നവംബർ അഞ്ച് -36727 കിലോ, നവംബർ ഏഴ് – 15665 കിലോ, നവംബർ എട്ട്- 15472കിലോ എന്നിങ്ങനെയാണ് തുടര്‍ന്നുള്ള ദിവസങ്ങളിലെ കണക്ക്. ഒറ്റ ദിവസം ഏറ്റവും കൂടുതൽ സബ്സിഡി അരി വിതരണം ചെയ്‌തത് പുനലൂർ ഡിപ്പോയിൽ ആണ്. നവംബർ അഞ്ചിന് 8135 കിലോ അരിയാണ് പുനലൂർ ഡിപ്പോയിൽ അരിവണ്ടിയിലൂടെ നല്‍കിയത്.
നവംബർ നാലിന് കൊല്ലം ഡിപ്പോയിൽ 6134 കിലോയുടെ വിതരണൺ നടന്നു. 17 അരിവണ്ടികളാണ് വിവിധ സ്ഥലങ്ങളിലായി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോക്‌ടർ സഞ്ജീബ് പട്ജോഷി പറഞ്ഞു. ജയ, കുറുവ, മട്ട, പച്ചരി എന്നീ ഇനങ്ങളിലായി കാർഡ് ഒന്നിന് പരമാവധി 10 കിലോ അരിയാണ് റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്നത്. സപ്ലൈകോ സ്റ്റോറുകൾ ഇല്ലാത്ത മേഖലകളിലാണ് അരിവണ്ടി സഞ്ചരിക്കുന്നത്.