തിരുവനന്തപുരം: സീരിയലിൽ അഭിനയിപ്പിക്കാമെന്ന് വാഗ്‌ദാനം നൽകി അശ്ലീല ദൃശ്യങ്ങൾ ചിത്രീകരിച്ചെന്ന പരാതിയിൽ സംവിധായികയുടെ മുൻകൂർ ജാമ്യഹർജി കോടതി തള്ളി. തിരുവനന്തപുരം അഡീഷനൽ സെഷൻസ് (ഏഴ്) കോടതിയാണ് തിരുവനന്തപുരം മുട്ടട സ്വദേശിനിയായ ലക്ഷ്‌മി ദീപ്‌ത (ശ്രീല പി. മണി)യുടെ ഹരജി തള്ളിയത്.
ആര്യനന്ദ ക്രിയേഷൻസ് നിർമിക്കുന്ന ‘പാൽപായസം’ എന്ന സീരിയലിൽ അഭിനയിക്കാനാണ് ലക്ഷ്‌മി ദീപ്‌ത യുവതിയെ ക്ഷണിച്ചത്.
വെള്ളായണിയിലെ വാഴത്തോപ്പിൽ വെച്ച് കഴിഞ്ഞ സെപ്‌തംബറിൽ ചിത്രീകരണത്തിനിടെയാണ് അശ്ലീല ദൃശ്യങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചത്. അഭിനയിക്കാൻ വിസമ്മതിച്ചതോടെ ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചു. പിന്നീട് ഒരു ഫ്ലാറ്റിൽവെച്ചും അശ്ലീല ദൃശ്യങ്ങളിൽ നിർബന്ധിച്ച് അഭിനയിപ്പിച്ചു. ഈ ദൃശ്യങ്ങൾ യെസ്‌മ, ഇൻസ്റ്റാഗ്രാം, യുട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തുവെന്നായിരുന്നു പരാതി.
‘പാൽപായസം’ എന്ന സീരിയിലിൽ അഭിനയിക്കാം എന്ന് മാത്രമാണ് കരാറിൽ പറയുന്നതെന്നും നഗ്നദൃശ്യങ്ങളുടെ കാര്യം ഇതിൽ പറയുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ലക്ഷ്‌മി ദീപ്‌തയുടെ പേരിൽ ഇത്തരത്തിലുള്ള മറ്റ് പരാതികളുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ വാദങ്ങൾ കണക്കിലെടുത്ത അഡീഷനൽ സെഷൻസ് ജഡ്‌ജി പ്രസൂൺ മോഹൻ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ പൊലീസാണ് കേസന്വേഷിച്ചത്.