അഹമ്മദാബാദ്∙ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. തലാല എംഎൽഎ ഭാഗവൻഭായ് ഡി ഭറാഡ് രാജിവച്ചു. ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ മുതിർന്ന നേതാവും എംഎൽഎയുമായ മോഹൻസിൻഹ് രത്വ രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു.
24 മണിക്കൂറിനിടെയുള്ള രണ്ടാമത്തെ എംഎൽഎയുടെ രാജിയാണ് കോൺഗ്രസ് നേതൃത്വത്തിനു മുൻപിൽ വെല്ലുവിളിയായി നിൽക്കുന്നത്. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളും രാജിവച്ച ഭാഗവൻഭായ് ഗവർണർക്കും സ്പീക്കർക്കും രാജിക്കത്ത് കൈമാറി.
11 തവണ കോൺഗ്രസ് എംഎൽഎയും ആദിവാസി നേതാവും ഛോട്ടാ ഉദേപുരിലെ മുതിർന്ന പാർട്ടി നേതാവുമായ മോഹൻസിൻഹ് രത്വ, രാജിവച്ച് കുടുംബത്തോടെയാണ് ബിജെപിയിൽ ചേർന്നത്. മകന് സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു രാജിയെന്നാണ് വിവരം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 182 സീറ്റിൽ കോൺഗ്രസ് നേടിയത് 77 സീറ്റാണ്. ഇവരിൽ 16 പേർ ഇതുവരെ ബിജെപിയിൽ ചേർന്നു.