ദുബൈ: യുഎഇയിലെ സ്വകാര്യ മേഖലയില്‍ നടത്തിയ പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. ജനുവരിക്കും ഒക്ടോബറിനും ഇടയില്‍ സ്വകാര്യ മേഖലയില്‍ 485,000ലേറെ പരിശോധനകളാണ് നടത്തിയതെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.
ഇതില്‍ ആറ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ 1,623 പരിശോധനകളും ഉള്‍പ്പെടും. 667 കേസുകളും ഇതുമായി ബന്ധപ്പെട്ട് 10 മാസത്തിനിടെ കൈകാര്യം ചെയ്തു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 26,104 കേസുകളും പരിശോധനയില്‍ കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. പിഴ ഉള്‍പ്പെടെയുള്ള നടപടികളാണ് ഇവയ്ക്കെതിരെ സ്വീകരിച്ചിട്ടുള്ളത്. വേതനം നല്‍കുന്നതുമായി ബന്ധപ്പെട്ട 2,973 കേസുകള്‍ പരിശോധനയില്‍ കണ്ടെത്തി.
ഇവ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തൊഴിലാളികളുടെ പാസ്പോര്‍ട്ട് തൊഴിലുടമകള്‍ പിടിച്ചുവെച്ചത് സംബന്ധിച്ച 178 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 132 എണ്ണം പരിഹരിച്ചു. തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് റിക്രൂട്ട്മെന്‍റ് ഫീസ് ഈടാക്കിയ കേസുകളും നിയമ ലംഘനങ്ങളില്‍പ്പെടുന്നു.
അതേസമയം യുഎഇയില്‍ ഫ്രീ സോണ്‍ വിസകളുടെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമാക്കി കുറച്ചു. കഴിഞ്ഞ മാസം മുതല്‍ തന്നെ പുതിയ കാലാവധി പ്രാബല്യത്തില്‍ വന്നു. ഒക്ടോബറില്‍ യുഎഇയില്‍ നടപ്പാക്കിയ സമഗ്ര വിസാ പരിഷ്‍കാരങ്ങളുടെ ഭാഗമായാണ് ഫ്രീ സോണ്‍ വിസകളുടെ കാലാവധി കുറച്ചതും.
വിസാ കാലാവധി സംബന്ധിച്ച മാറ്റം രാജ്യത്തെ ടൈപ്പിങ് സെന്ററുകളും ബിസിനസ് സെറ്റപ്പ് കണ്‍സള്‍ട്ടന്റുമാരും സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ സാധാരണ കമ്പനികളിലേക്കുള്ള തൊഴില്‍ വിസകള്‍ രണ്ട് വര്‍ഷത്തെ കാലാവധിയോടെ അനുവദിച്ചിരുന്നപ്പോള്‍ തന്നെ ഫ്രീ സോണുളിലേക്കുള്ള തൊഴില്‍ വിസകള്‍ക്ക് മൂന്ന് വര്‍ഷം കാലാവധി നിശ്ചയിച്ചിരുന്നു. നിലവില്‍ തൊഴില്‍ വിസകളുടെ കാലാവധി ഏകീകരിക്കുകയാണ് പുതിയ നടപടിയിലൂടെ സര്‍ക്കാര്‍ ചെയ്‍തത്. ഫ്രീ സോണ്‍ അതോറിറ്റികള്‍ തങ്ങള്‍ക്ക് കീഴിലുള്ള കമ്പനികള്‍ക്ക് വിസാ കാലാവധി മാറ്റം സംബന്ധിച്ച് സര്‍ക്കുലറുകള്‍ അയച്ചു.