കൊച്ചി: ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയിൽ തടവിലാക്കപ്പെട്ട നാവികരെ നൈജീരിയയിലേക്ക് മാറ്റാൻ ശ്രമമെന്ന് ബന്ധുക്കൾ. ജയിലിലേക്ക് മാറ്റിയ മുഴുവൻ നാവികരെയും കപ്പലിൽ തിരിച്ചെത്തിച്ചു. ഇക്വറ്റോറിയൽ ഗിനി വിട്ടാൽ നാടുമായി ബന്ധപ്പെടാനാകില്ലെന്ന് നാവികൻ സനു ജോസിന്റെ പുതിയ വിഡിയോ സന്ദേശം പുറത്തുവന്നു. കപ്പൽ കെട്ടിവലിച്ചുകൊണ്ടുപോകാൻ നീക്കമെന്നാണ് വിഡിയോ സന്ദേശത്തിലുള്ളത്. നാവികരുടെ മോചനത്തിനായി സർക്കാർ എത്രയും വേഗത്തിൽ ഇടപെടണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. നൈജീയയിലേക്ക് കൈമാറിയാൽ ഇവരുടെ മോചനം അസാധ്യമാകുമോ എന്ന ഭയത്തിലാണ് ബന്ധുക്കൾ.
സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിലായിരുന്നു ആഗസ്റ്റ് ഒമ്പതിന് മൂന്ന് മലയാളികൾ ഉൾപ്പെടുന്ന 26 നാവികരെ നൈജീരിയയുടെ നിർദേശപ്രകാരം ഇക്വറ്റോറിയൽ ഗിനി തടവിലാക്കിയത്. കഴിഞ്ഞ ദിവസം എല്ലാ കപ്പൽ ജീവനക്കാരുടെയും പാസ്‌പോർട്ട് അധികൃതർ പിടിച്ചെടുത്തിരുന്നു. എന്നാൽ നാവികരുടെ യാത്രാരേഖകൾ നൈജീരിയയ്ക്ക് കൈമാറി കേന്ദ്രം നയതന്ത്ര നീക്കം ആരംഭിച്ചതിനു പിന്നാലെയാണ് നൈജീരിയയിലേക്ക് മാറ്റുമെന്ന് വാർത്ത പുറത്തു വരുന്നത്.
കപ്പലിന്റെ നിയമപരമായ യാത്ര സൂചിപ്പിക്കുന്ന പ്രധാന രേഖകൾ നൈജീരിയക്ക് കൈമാറിയിരുന്നു. ഇതിനൊപ്പം കപ്പൽ അധികൃതർ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിരുന്നു.