തിരുവനന്തപുരം: ഒക്ടോബര്‍ ആറ് മുതല്‍ 31 വരെ യോദ്ധാവ് പദ്ധതി വഴി മയക്കുമരുന്നുമായി ബന്ധപ്പെട്ട് 1,131 പേര്‍ പൊലീസിന് രഹസ്യവിവരങ്ങള്‍ കൈമാറി. ഇതില്‍ ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 144 പേരാണ് മലപ്പുറം ജില്ലയില്‍ വിവരം കൈമാറിയത്. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ നിന്ന് 104 പേരും ആലപ്പുഴയില്‍ നിന്ന് 76 പേരും ഇക്കാലയളവില്‍ ലഹരിക്കെതിരെ പൊലീസിന് വിവരങ്ങള്‍ കൈമാറി.
മറ്റു ജില്ലകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ എണ്ണം ചുവടെ:
തിരുവനന്തപുരം സിറ്റി – 54, കൊല്ലം സിറ്റി – 49, കൊല്ലം റൂറല്‍ 51, പത്തനംതിട്ട – 42, കോട്ടയം – 51, ഇടുക്കി – 34, എറണാകുളം സിറ്റി – 69, എറണാകുളം റൂറല്‍ – 74, തൃശൂര്‍ സിറ്റി – 60, തൃശൂര്‍ റൂറല്‍ – 39, പാലക്കാട് – 52, കോഴിക്കോട് സിറ്റി – 61, കോഴിക്കോട് റൂറല്‍ – 67, വയനാട് – 19, കണ്ണൂര്‍ സിറ്റി – 48, കണ്ണൂര്‍ റൂറല്‍ – 10, കാസര്‍ഗോഡ് – 27 എന്നിങ്ങനെയാണ് പദ്ധതി വഴി വിവരങ്ങള്‍ വെളിപ്പെടുത്തിയവരുടെ എണ്ണം.
എന്നാല്‍ ലഭിച്ച രഹസ്യവിവരങ്ങളില്‍ എന്ത് നടപടിയെടുത്തെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല. ലഹരി പദാര്‍ത്ഥങ്ങളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി പൊലീസ് രൂപം നല്‍കിയ പദ്ധതിയാണ് യോദ്ധാവ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ്, വോയിസ് എന്നിവയായി 99959 66666 എന്ന വാട്സ്ആപ്പ് നമ്പരിലൂടെ പൊലീസിന് കൈമാറാമെന്നതാണ് പദ്ധതി. മയക്കുമരുന്നിന്‍റെ ഉപയോഗവും കടത്തും സംബന്ധിച്ച വിവരങ്ങള്‍ സ്വകാര്യമായി പങ്കുവെയ്ക്കാനാകുന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ആണിത്. കൈമാറുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെങ്കിലും ഈ നമ്പറിലേയ്ക്ക് വിളിച്ച് സംസാരിക്കാനാവില്ല. ഇതിനിടെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലഹരിക്കെതിരെയുള്ള ക്യാംപൈനായ റോവിംഗ് റിപ്പോർട്ടർ ഏറെ ശ്രദ്ധനേടുകയാണ്.