മുംബൈ : മഹാരാഷ്ട്ര കോൺഗ്രസുമായും എൻസിപിയുമായും സഖ്യത്തിലിരിക്കെ ബിജെപിയുമായി സഖ്യത്തിന് വേണ്ടി വാദിച്ച് ശിവസേന മന്ത്രി അബ്ദുൾ സത്താർ. മറാത്ത്വാഡ മേഖലയിലെ ഹൈവേ പദ്ധതികൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച ചെയ്ത ശേഷമാണ് ബിജെപി- ശിവസേന സഖ്യം ബിഹാർ ഫോർമുലയുടെ അടിസ്ഥാനത്തിലാകാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. ബിജെപിയും ശിവസേനയും തമ്മിലുള്ള വിടവ് നികത്താൻ നിതിൻ ഗഡ്കരി തീരുമാനിച്ചാൽ, അദ്ദേഹത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സമീപിച്ച് സഖ്യത്തിനായി അഭ്യർഥിക്കാം. ശിവസേനയും ബിജെപിയും തമ്മിലുള്ള സഖ്യത്തിൽ ഉദ്ധവ് സാഹിബിന് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ.- അബ്ദുൾ സത്താർ പറഞ്ഞു. 1995-1999 കാലഘട്ടത്തിൽ ആദ്യ ശിവസേന-ബിജെപി സർക്കാരിൽ പിഡബ്ല്യുഡി മന്ത്രിയായിരുന്ന ഗഡ്കരിക്ക് താക്കറെ കുടുംബവുമായി നല്ല ബന്ധമാണുള്ളത്.
മൂന്ന് വട്ടം എംഎൽഎയായിരുന്ന അബ്ദുൾ സത്താർ 2019 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് പ്രാദേശിക നേതൃത്വം എതിർത്തതോടെ അദ്ദേഹം ശിവസേനയിൽ ചേർന്നു. തുടർന്ന് ശിവസേന ടിക്കറ്റിൽ മത്സരിച്ച അദ്ദേഹം ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ അംഗവുമായി.