അഹമ്മദാബാദ്: തെരഞ്ഞെടുപ്പിന് ഒരുമാസം ശേഷിക്കെ ഗുജറാത്ത് കോൺഗ്രസിൽ രാജി തുടരുന്നു. ദഹോദ് ജില്ലയിലെ ഛലോഡ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഭവേശ് കത്താരയാണ് അവസാനം രാജിവച്ചത്. മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ കോൺഗ്രസ് എംഎൽഎയാണ് പാർട്ടിയിൽനിന്ന് രാജിവച്ചത്. എംഎൽഎ സ്ഥാനവും ഭവേശ് രാജിവെച്ചു. സ്പീക്കർ നിമാബെൻ ആചാര്യയുടെ വസതിയിലെത്തിയാണ് രാജിക്കത്ത് സമർപ്പിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി അന്തിമമാക്കുന്നതിനിടെയാണ് ഭവേശ് കത്താരയുടെ രാജി. ഇദ്ദേഹം വ്യാഴാഴ്ച ബിജെപിയിൽ ചേർന്നേക്കും.
സംസ്ഥാനത്തെ പ്രധാന നേതാക്കളും എംഎൽഎമാരുമായ രണ്ടുപേര്‍ ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് മറ്റൊരു എംഎൽഎയും പാർട്ടി വിട്ടത്. ആദിവാസി മേഖലയിൽ സ്വാധീനമുള്ള നേതാവും പത്തുതവണ എംഎൽഎയുമായിരുന്ന മോഹൻസിൻഹ് രത്‍വ പാർട്ടി വിട്ടതിന്റെ ക്ഷീണം മാറും മുമ്പേ, സൗരാഷ്ട്രയിലെ പ്രധാന നേതാവും തലാല മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ ബരാഡ് പാർട്ടി വിട്ട് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ശേഷിക്കിയാണ് മുതിർന്ന നേതാക്കൾ പാർട്ടി വിടുന്നത്. ഗുജറാത്ത് നിയമസഭയിൽ പ്രധാന പ്രതിപക്ഷമാണ് കോൺഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 77 സീറ്റ് നേടിയെങ്കിലും ഇപ്പോൾ 66 എംഎൽഎമാർ മാത്രമേ കൂടെയുള്ളൂ. സംസ്ഥാനത്തെ രണ്ടാമത്തെ പ്രധാന പാർട്ടിയാണെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വളരെ പിന്നിലാണ് കോൺഗ്രസ്.
ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കും. സ്ഥാനാർഥി പട്ടികയുടെ മുന്നോടിയായി സംസ്ഥാനത്തെ ബിജെപി നേതാക്കളെ ദേശീയനേതാക്കൾ ദില്ലിക്ക് വിളിപ്പിച്ചു. ആം ആദ്മിയാകട്ടെ ആദ്യഘട്ട പട്ടിക പുറത്തിവിട്ട് പ്രചാരണത്തിൽ മുന്നിലെത്തി. ബിജെപി അധികാരം നിലനിർത്തുമെന്നാണ് സർവേകൾ നൽകുന്ന സൂചന. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലായി രണ്ട് ഘട്ടമായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ എട്ടിന് വോട്ടെണ്ണും.