തിരുവനന്തപുരം: ശബരിമല സീസണില്‍ നടത്താൻ ബസില്ലാതെ കെഎസ്ആര്‍ടിസി. പ്രതിസന്ധി മറികടക്കാന്‍ കാലാവധീ തീരാറായ സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലാവധി നീട്ടി നൽകി. അതേസമയം പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാനുള്ള ടെൻഡർ നടപടികളായെന്നാണ് മാനേജ്മെന്റ് പറയുന്നത്.
ശബരിമല സീസൺ അടുത്തിരിക്കെയാണ് കെഎസ്ആർടിസിയിൽ സർവീസ് നടത്താൻ സൂപ്പർ ക്ലാസ് ബസ്സുകൾ ഇല്ലെന്ന കാര്യം പുറത്ത് വരുന്നത്. ഇക്കുറി തീർത്ഥാടകരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങിനെയെങ്കിൽ കെഎസ്ആർടിസിക്ക് തന്നെ വൻതോതിൽ വരുമാന വർധനവും ഉണ്ടാകും. ഈ ഘട്ടത്തിലാണ് കോർപറേഷൻ പുതിയ പ്രതിസന്ധിയെ നേരിടുന്നത്.
കെഎസ്ആർടിസിയിലെ സൂപ്പർ ക്ലാസ് ബസുകളുടെ കാര്യത്തിലാണ് പ്രതിസന്ധി. അടുത്ത ആറ് മാസം കൊണ്ട് 159 സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലാവധി അവസാനിക്കും. സിറ്റി സർക്കുലറിലേക്കുള്ള ഇലക്ട്രിക് ബസ്സുകൾ ഒഴിച്ചാൽ അടുത്തൊന്നും പുതിയ ബസുകൾ വാങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കാലപ്പഴക്കം ചെന്ന ബസുകളെ നിരത്തിലിറക്കാനുള്ള തീരുമാനം വരുന്നത്.
കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് ബസുകളുടെ പെർമിറ്റ് അഞ്ച് വര്‍ഷത്തേക്കാണ് നൽകുന്നത്. പുതിയ ബസുകളൊന്നും വാങ്ങാതെ വന്നപ്പോള്‍ അത് ഏഴ് വർഷമായും പീന്നീട് ഒൻപത് വര്‍ഷമായും സര്‍ക്കാര്‍ ഉയര്‍ത്തി. പ്രതിസന്ധികളും പരിമിതികളും ചൂണ്ടിക്കാട്ടി സൂപ്പർക്ലാസ് ബസുകളുടെ കാലാവധി ഉയര്‍ത്തി പത്ത് വര്‍ഷമാക്കണമെന്ന് കെഎസ്ആര്‍ടിസി ഗതാഗത വകുപ്പിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് നിലവില്‍ എട്ട് വര്‍ഷത്തിന് മുകളിലും പത്ത് വര്‍ഷത്തില്‍ താഴെയും പഴക്കമുള്ള ബസുകളുടെ കാലാവധി പത്ത് വര്‍ഷമായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ തീരുമാനം അശാസ്ത്രീയവും പ്രതാഖ്യാതങ്ങൾ ഉണ്ടാക്കാവുന്നതുമാണെന്ന് ജീവനക്കാർക്ക് ഇടയിൽ വിമർശനം ഉയരുന്നുണ്ട്.