തിരുവനന്തപുരം: ഇന്ന് ഉപതെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ മുതുകുളം പഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ ജി എസ് ബൈജുവിനെ ആക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. ആക്രമണത്തിന് പിന്നിൽ ബിജെപിക്കാരാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ശക്തമായ മത്സരത്തിൽ നൂറിലേറെ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ബൈജുവിനെ ജനാധിപത്യ മത്സരത്തിൽ തോൽപിക്കാൻ കഴിയാത്ത ഭീരുക്കളാണ് ഇരുട്ടിൻ്റെ മറവിൽ അദേഹത്തെ ആക്രമിച്ചിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് സുധാകരന്റെ ആരോപണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..
മുതുകുളം പഞ്ചായത്തിലെ ഇന്ന് ഫലം അറിഞ്ഞ നാലാം വാർഡിലെ മെമ്പർ ജി.എസ് ബൈജുവിനെ ആക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺഗ്രസ്സ് ശക്തമായി ആവശ്യപ്പെടുന്നു. ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് നിലപാടുകളിൽ മനം മടുത്ത് പാർട്ടി വിട്ട ബിജുവിന് പൂർണ്ണ പിന്തുണ ആലപ്പുഴയിലെയും മുതുകുളത്തെയും മുഴുവൻ കോൺഗ്രസ്സ് പ്രവർത്തകരും നൽകിയതാണ്. ശക്തമായ മത്സരത്തിൽ നൂറിലേറെ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ബിജുവിനെ ജനാധിപത്യ മത്സരത്തിൽ തോൽപിക്കാൻ കഴിയാത്ത ഭീരുക്കളാണ് ഇരുട്ടിൻ്റെ മറവിൽ അദേഹത്തെ ആക്രമിച്ചിരിക്കുന്നത്.
ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധിക്കാണ് ബിജെപി ഗുണ്ടകളുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്. തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയാതെ പോയാൽ വാളെടുക്കുന്ന സംസ്കാരം ഈ നാടിന് ചേർന്നതല്ല. പതിവു പോലെ പ്രതികളെ രക്ഷിക്കാൻ നോക്കിയാൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേരള പോലീസിനെ ഓർമപ്പെടുത്തുന്നു.
സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫാണ് നേട്ടം കൊയ്തത്. 16 വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. എട്ടു വാർഡുകൾ പുതുതായി പിടിച്ചെടുക്കാൻ കഴിഞ്ഞത് യുഡിഎഫിന് വൻ നേട്ടമായി. എൽഡിഎഫ് 11 ഇടത്തും ബിജെപി രണ്ടിടത്തും ജയിച്ചു. രണ്ടു സീറ്റുകൾ നഷ്ടമായത് ബിജെപിക്കും തിരിച്ചടിയായി.
ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് പഞ്ചായത്ത് എന്നിവിടങ്ങളിലെ വാർഡുകളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. എട്ടു വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാർഡ് എറണാകുളം കീരംപാറ പഞ്ചായത്ത് ആറാം വാർഡ്, വയനാട് കണിയാമ്പറ്റ പഞ്ചായത്ത് നാലാം വാർഡ്, തിരുവനന്തപുരം പഴയകുന്നുമ്മൽ പഞ്ചായത്ത് മഞ്ഞപ്പാറ വാർഡ്, തൃശൂർ വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂർ ഡിവിഷൻ, ആലപ്പുഴ പാലമേൽ പഞ്ചായത്ത് ആദിക്കാട്ടുകുളങ്ങര വാർഡ്, ഇടുക്കി ഇളംദേശം ബ്ലോക്ക്പഞ്ചായത്ത് വാർഡ് , ആലപ്പുഴ പാണ്ടനാട് പഞ്ചായത്ത് വന്മഴി വാർഡ് എന്നിവയാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഇതിൽ പാണ്ടനാട് വാർഡ് ബിജെപിയിൽ നിന്നും മറ്റുള്ളവ എൽഡിഎഫിൽ നിന്നുമാണ് പിടിച്ചെടുത്തത്.