തിരുവനന്തപുരം : യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തിലേക്ക് മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും ക്ഷണിച്ചില്ല എന്ന് പരാതി. സിൽവർ ലൈൻ അടക്കം വിഷയങ്ങളിൽ സർക്കാരിനെതിരെ സമരം തുടങ്ങുന്നതിന്റെ ഭാഗമായാണ് യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്. രാവിലെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ആണ് യോഗം ചേരുന്നത്. സിൽവർ ലൈനിൽ കടുത്ത സമരത്തിലേക്ക്പോകാനാണ് ഇന്നലെ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലുണ്ടായ തീരുമാനം.സിൽവർ ലൈനായുള്ള സർവ്വേക്കല്ലുകൾ പിഴുതെറിയുമെന്നാണ് ഇന്നലെ കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത്. വലിയ സമരത്തിലേക്കിറങ്ങാനാകും യുഡിഎഫിന്റെയും നിലപാട്.
അതേസമയം കക്ഷി നേതാക്കൾ മാത്രം ആണ് പങ്കെടുക്കുന്നത് എന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. കഴിഞ്ഞ തവണ യുഡിഎഫ് യോഗം നടക്കുമ്പോൾ തിരുവനന്തപുരത്ത് ഉണ്ടായിട്ടും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. പാർട്ടിയിലെ പല തീരുമാനങ്ങളും കൂടിയാലോചനകളില്ലാതെ എടുക്കുന്നുവെന്ന പരാതിയുണ്ട് ഇരു നേതാക്കൾക്കും. ഇക്കാര്യം ദേശീയ നേതൃത്വത്തെ നേരിൽ കണ്ട് ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു.