ദില്ലി: രണ്ടായിരത്തിലെ പീഡിഗ്രി സമരവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ഹൈക്കോടതി ശിക്ഷിച്ച പതിനാല് പേരെ വെറുതെവിട്ട് സുപ്രീംകോടതി. എബിവിപി പ്രവർത്തകരായ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പൊതുമുതൽ നശിപ്പിക്കൽ, കലാപം സൃഷ്ടിക്കൽ, സംഘം ചേരൽ അടക്കം കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ ഹൈക്കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് എ.എസ്.ബൊപ്പണ്ണ, ജസ്റ്റിസ് പി.എസ്.നരസിംഹ എന്നിവരടങ്ങിയ ബെഞ്ച്, പ്രതികളെ വെറുതെ വിട്ടത്.
കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്താനുള്ള നീക്കത്തിനെതിരെ 2000 ജൂലൈ 12ന്, എബിവിപി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. തുടർന്ന് സംഘർഷം ഉണ്ടാകുകയും പ്രവർത്തകരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് തൊട്ടടുത്ത ദിവസം എബിവിപി നടത്തിയ പ്രതിഷേധത്തിൽ തിരുവനന്തപുരത്ത് ഇരുന്നൂറോളം കെഎസ്ആർടിസി ബസുകൾ തകർത്തു. സംഘർഷത്തിനിടെ, കിഴക്കേകോട്ട കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ രാജേഷ് തലയ്ക്കടിയേറ്റ് മരിച്ചു. ഈ കേസിൽ തെളിവുകളില്ലെന്ന് കാട്ടി, പ്രതി ചേർക്കപ്പെട്ടവരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള കേസിൽ 14 എബിവിപി പ്രവർത്തകരെ കോടതി ശിക്ഷിച്ചു. ഇതിനെതിരെ 2010ൽ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ ആണ് 10 വർഷങ്ങൾക്കിപ്പുറം, ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.