ദില്ലി: വഴിയോര കച്ചവടക്കാർക്കുള്ള വായ്പ തുക ഇരട്ടിയാക്കാനുള്ള പദ്ധതിയുമായി കേന്ദ്രം. പ്രധാൻ മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മ നിർഭർ നിധി പദ്ധതിക്ക് കീഴിലുള്ള വഴിയോര കച്ചവടക്കാർക്കുള്ള വായ്പാ തുകയായിരിക്കും ഉയർത്തുക. കൊവിഡ്-19 മഹാമാരി പടർന്നു പിടിച്ചതിന് ശേഷമുള്ള ആദ്യത്തെ ലോക്ക്ഡൗൺ കാലത്താണ് പ്രത്യേക മൈക്രോ ക്രെഡിറ്റ് സൗകര്യമായ പ്രധാൻ മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മ നിർഭർ നിധി പദ്ധതി ആരംഭിച്ചത്, മൂന്ന് തവണകളായി തെരുവോര കച്ചവടക്കാർക്ക് വായ്പ എടുക്കാം.
തെരുവോരങ്ങളിൽ കച്ചവടം ചെയ്യുന്ന രാജ്യത്തെ കച്ചവടക്കാർ ആശ്വാസ വാർത്തയാണിത്. തുക ഇരട്ടിയാക്കുന്നതിലൂടെ കച്ചവടം വിപുലീകരിക്കാൻ അവർക്ക് സാധിക്കും. 10,000, 20,000, 50,000 തുടങ്ങി മൂന്ന് ഘട്ടങ്ങളായാണ് കച്ചവടക്കാർക്ക് സാധരണ വായ്പ്പ ലഭിക്കാറുള്ളത്.ഇതിൽ ആദ്യം നൽകുന്ന 10000 രൂപയുടെ ഗഡു ഇരട്ടിയാക്കാനാണ് പരിഗണിക്കുന്നത് എന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
വഴിയോര കച്ചവടക്കാർക്ക് ഉപകാരപ്രദമാണെങ്കിലും ആദ്യ ഗഡു 10000 മാത്രമായത് വായ്പയോടുള്ള പ്രിയം കുറച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കാരണം പുതിയൊരു കച്ചവടം ആരംഭിക്കാൻ, അല്ലെങ്കിൽ പുതുക്കാൻ ഈ തുകയ്‌ജ്ക്ക് കഴിയില്ലെന്ന വാദം ഉണ്ടായിരുന്നു. ഇതോടെയാണ് ആദ്യ ഗഡു ഇരട്ടിയാക്കാനുള്ള ആലോചന സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.
ആദ്യം പദ്ധതിക്ക് വൻ സ്വീകരണമാണ് ലഭിച്ചിട്ടുണ്ടായിരുന്നത്. പദ്ധതി നടപ്പാക്കിയ ആദ്യ ഒൻപത് മാസത്തിനുള്ളിൽ 10,000 രൂപയുടെ 20 ലക്ഷം വായ്പകളാണ് ബാങ്കുകൾ വിതരണം ചെയ്തത്. എന്നാൽ, രണ്ടാം വർഷം ഇത് 9 ലക്ഷം വായ്പയായി കുറഞ്ഞു. ഈ വർഷം ഒൻപത് മാസത്തിനുള്ളിൽ 10,000 രൂപയുടെ 2 ലക്ഷം വായ്പകളാണ് ബാങ്കുകൾ അനുവദിച്ചത്.