തൃശൂർ: ജനങ്ങളോട് നല്ല രീതിയിൽ പെരുമാറണമെന്നും ജനസേവനം കാക്കി യൂനിഫോമിന്‍റെ ഉത്തരവാദിത്തമാണെന്നും പൊലീസ് മേധാവി അനിൽകാന്ത്. നല്ല വിദ്യാഭ്യാസവും നല്ല പരിശീലനവും ലഭിച്ച സേനാംഗങ്ങൾ നല്ല രീതിയിൽത്തന്നെ ജനങ്ങളോട് പെരുമാറുകയും വേണമെന്ന് ഡി.ജി.പി സേനാംഗങ്ങളെ ഓർമിപ്പിച്ചു. കോണ്‍സ്റ്റബിൾമാരുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഡി.ജി.പി.
സ്പെഷൽ ആംഡ് പൊലീസ്, മലബാർ സ്പെഷൽ പൊലീസ്, റാപിഡ് റെസ്പോണ്‍സ് ആൻഡ് റെസ്ക്യൂ ഫോഴ്സ്, കേരള ആംഡ് പൊലീസ് ഒന്ന്, മൂന്ന്, നാല്, അഞ്ച് എന്നീ ബറ്റാലിയനുകളിൽ ആറ് മാസത്തെ അടിസ്ഥാനപരിശീലനം പൂർത്തിയാക്കിയവരാണ് സേനയുടെ ഭാഗമായത്. അടിസ്ഥാന പൊലീസ് പരിശീലനത്തിനുപുറമെ പുതുതലമുറ വാഹനങ്ങളുടെ ഉപയോഗം, പരിപാലനം, വി.വി.ഐ.പി സുരക്ഷ ഡ്യൂട്ടി, എസ്കോർട്ട് ഡ്യൂട്ടി എന്നിവക്ക് ആവശ്യമായ പ്രത്യേക പരിശീലനവും ഇവർക്ക് ലഭിച്ചു.
പുതിയ ബാച്ചിൽ മൂന്ന് ബിരുദാനന്തര ബിരുദധാരികളും ഒരു എം.ടെക്, ഒരു എം.ബി.എ, ഒമ്പത് ബി.ടെക്, 10 ബിരുദധാരികളുമുണ്ട്. ഡിപ്ലോമ യോഗ്യതയുള്ള 10 പേരും ഐ.ടി.ഐ യോഗ്യതയുള്ള 12 പേരുമുണ്ട്. 13 പേർ പ്ലസ്ടു വിജയിച്ചവരാണ്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാറും പങ്കെടുത്തു.