കോഴിക്കോട് : സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ സമരം തുടങ്ങുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പ്രതിഷേധക്കാരെ മുഴുവന്‍ ഒരുമിച്ചു ചേര്‍ത്ത് വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യും. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ല. സര്‍ക്കാര്‍ ആരുമായി ചര്‍ച്ച നടത്തിയാലും കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോള്‍ ശക്തമായ പ്രതിഷേധമുണ്ടാകും. ആരെയെങ്കിലും ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയും. മന്ത്രിക്ക് ശുചിമുറി നിര്‍മിക്കാന്‍ നാലര ലക്ഷമാണ് സര്‍ക്കാര്‍ ചെലവാക്കിത്. അപ്പോഴാണ് വീട് നഷ്ടപ്പെടുന്നവന് അധികസഹായമായി നാലര ലക്ഷം നല്‍കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തു നടപ്പാക്കാന്‍ അനുവദിക്കില്ല. സിപിഎമ്മിനു രക്ഷപ്പെടാനുള്ള അവസാന ബസ് ആയതു കൊണ്ട് എന്തു കൊള്ളയും നടത്താമെന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ അതൊരിക്കലും അനുവദിക്കില്ല. ആയിരക്കണക്കിനു കോടി രൂപയുടെ കൊള്ള നടത്തി പാവങ്ങള്‍ക്ക് തുച്ഛമായ തുക നല്‍കാനുള്ള നീക്കം അനുവദിക്കാനാകില്ല.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എം.ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതു വഴി സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള താല്‍പര്യം പുറത്തു വന്നു. സര്‍വീസ് ചട്ടങ്ങളും രാഷ്ട്രീയ ധാര്‍മികതയും രണ്ടും രണ്ടാണ്. ശിവശങ്കറിനെ ഒരു കോടതിയും കുറ്റവിമുക്തനാക്കിയിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ നല്‍കിയ കുറ്റപത്രത്തില്‍ ശിവശങ്കറിന്റെ പേരുണ്ട്. കേസ് നടന്നു കൊണ്ടിരിക്കെ സര്‍വീസില്‍ തിരിച്ചെടുത്തതു സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ വ്യക്തമാക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രങ്ങളില്‍ പ്രകടനം നടത്താന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല. ഇത് പാക്കിസ്ഥാനൊന്നുമല്ല. ഇന്ത്യാ രാജ്യമാണ്. ഞങ്ങളീ രാജ്യത്ത് എവിടെയും പ്രകടനം നടത്തും. സമാധാനപരമായി, ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനാദത്തമാണ്. അല്ലാതെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫിസില്‍നിന്നു നല്‍കേണ്ട ഔദാര്യമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.