കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ഇടത് വശത്തുകൂടി അമിത വേഗതിൽ ബസ് ഓടിച്ച് പോകുന്നതും മറ്റൊരു ബസില്‍ നിന്ന് ഇറങ്ങിയ യാത്രക്കാരി തലനാരിഴക്ക് രക്ഷപ്പെടുന്നതിന്‍റെയും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. സ്വകാര്യ ബസിന്‍റെ പെർമിറ്റ് റദ്ദാക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.
ഇന്നലെ രാവിലെ ഒൻപത് മണിയോടെ തിരക്കേറിയ കൊയിലാണ്ടി നഗരത്തിൽ തന്നെയായിരുന്നു സംഭവം. ആദ്യമെത്തിയ ബസിൽ നിന്നും ഇറങ്ങിയ യാത്രക്കാരി ബസ് സ്റ്റാൻഡിലേക്ക് നടക്കുന്നതിനിടെയാണ് അമിത വേഗത്തിൽ രണ്ടാമത്തെ ബസെത്തിയത്. ഇടത് വശത്ത് കൂടെ ആദ്യ ബസിനെ മറികടന്ന് മുന്നിലേക്ക് പോകുന്ന ബസിനിടയിൽ കുടുങ്ങാതെ തലനാരിഴക്കാണ് യാത്രക്കാരി രക്ഷപ്പെട്ടത്. ഇതെല്ലാം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
സംഭവത്തിൽ രണ്ട് ബസുകൾക്കെതിരെയും നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. ഇടത് വശത്തുകൂടി അപകടം ഉണ്ടാക്കും വിധം വാഹനം ഓടിച്ച ചിന്നൂസ് ബസിന്‍റെ ഡ്രൈവർ വടകര സ്വദേശി ബൈജുവിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പെർമിറ്റ് റദ്ദാക്കാനും നടപടി തുടങ്ങിയതായി എംവിഡി അറിയിച്ചു. ഇതോടൊപ്പം റോഡിന്‍റെ അരികിലേക്ക് മാറ്റി നിർത്താതെ യാത്രക്കാരെ അലക്ഷ്യമായി നടുറോഡിൽ ഇറക്കിയ ബസിനെതിരെയും നടപടിയുണ്ടാകും.