തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന വോൾവോ ബസിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. ആറ്റിങ്ങൽ ആലംകോട് സ്വദേശി ഷാൻ (23) ആണ് എംഡിഎംഎയുമായി എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. ഇയാളുടെ പങ്കാളിയും മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തിക ഇടപാട് നടത്തുകയും ചെയ്ത വർക്കല സ്വദേശി ആദർശ് (22) നെയും സംഭവത്തിൽ പിടികൂടിയിട്ടുണ്ട്.
അമരവിള ആർടിഒ ചെക്ക്പോസ്റ്റിലെ പാർക്കിംഗ് യാർഡിൽ വച്ച് അന്തർസംസ്ഥാന സർവീസ് നടത്തുന്ന വാഹനങ്ങളെ പരിശോധിച്ചപ്പോഴാണ് ബസ് യാത്രക്കാരനായ ഷാനിൽ നിന്ന് 75 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജഹാന്‍റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി ആറ്റിങ്ങലിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇയാൾ.
അടുത്ത കാലത്ത് ബസുകളില്‍ ലഹരിമരുന്ന് കടത്തുന്ന നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രണ്ടാഴ്ചയ്ക്ക് മുമ്പ് ബംഗളൂരുവിൽ നിന്ന് ലഹരിമരുന്നുകളെത്തിച്ച് കൊല്ലം ജില്ലയിൽ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. കണ്ണനല്ലൂർ സ്വദേശി ടോം തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ പിടികൂടിയത്. എംഡിഎംഎ വിൽപ്പനയുടെ ഇടനിലക്കാരൻ കൊല്ലത്തേക്ക് സഞ്ചരിക്കുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നിരീക്ഷണം. ബാംഗളൂവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വോൾവോ ബസിലാണ് ഇയാൾ സഞ്ചരിച്ചത്.
ബസിൽ കയറിയത് മുതൽ പ്രതി ഡൻഡാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ചിന്നക്കടയിൽ ബസ് നിര്‍ത്തി, യുവാവ് ഇറങ്ങിയ ഉടൻ തന്നെ പൊലീസ് വളഞ്ഞു. ബാഗും വസ്ത്രവും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഒടുവിൽ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. 60 ഗ്രാം ലഹരിമരുന്നാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കൊല്ലം ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കടക്കം എംഡിഎംഎ വിതരണം ചെയ്ത് വരികയായിരുന്നു പ്രതി.












