കാബൂളിലെ പാർക്കുകളിൽ പ്രവേശിക്കരുത് എന്ന് സ്ത്രീകളോട് താലിബാൻ. കാബൂളിലെ എല്ലാ പാർക്കുകളിലും സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് താലിബാൻ എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. വൈസ് ആൻഡ് വെർച്യൂ മന്ത്രാലയം വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചതായും ബിബിസി എഴുതുന്നു.
പാർക്കുകളിൽ ഇസ്ലാമിക നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്ന് ആരോപിച്ചു കൊണ്ടാണ് സ്ത്രീകൾക്ക് ഇവിടെ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 2021 ആഗസ്ത് മാസത്തിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനെ തുടർന്ന് സ്ത്രീകളുടെ അവകാശങ്ങൾ ഓരോന്നായി ഇല്ലാതാവുകയാണ്.
താലിബാൻ ഭരണത്തിന് കീഴിൽ ഞായർ, തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിലാണ് സ്ത്രീകൾക്ക് പാർക്ക് സന്ദർശിക്കാൻ അനുവാദമുണ്ടായിരുന്നത്. ബാക്കി ദിവസങ്ങളിൽ പുരുഷന്മാർക്കും സന്ദർശിക്കാം. എന്നാലിപ്പോൾ പുരുഷന്മാർ കൂടെയുണ്ടെങ്കിൽ പോലും സ്ത്രീകൾക്ക് പാർക്കിൽ പോകുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
‘കഴിഞ്ഞ 15 മാസമായി സ്ത്രീകൾ പാർക്കിൽ പോകുന്നുണ്ട്. എന്നാൽ, ഞങ്ങളുടെ ശ്രമങ്ങൾ വിഫലമാക്കിക്കൊണ്ട് അവർ അവിടെ ശരിയ നിയമം അനുസരിക്കുന്നില്ല അതുകൊണ്ടാണ് നിരോധനം’ എന്ന് മിനിസ്ട്രി ഓഫ് പ്രൊപഗേഷൻ ഓഫ് വെർച്യൂ ആൻഡ് പ്രിവൻഷൻ ഓഫ് വൈസ് വക്താവായ മുഹമ്മദ് ആകിഫ് ബിബിസി -യോട് പറഞ്ഞു. പുരുഷന്മാരുടെ കൂടെ വരുന്നതായാലും അല്ലാതെ വരുന്നതായാലും ഏത് സ്ത്രീയേയും ഇനി പാർക്കുകളിൽ പ്രവേശിക്കാൻ അനുവദിക്കില്ല എന്നും ഇയാൾ വ്യക്തമാക്കി.
സാധാരണയായി സ്ത്രീകൾ കുടുംബത്തോടും കുട്ടികളോടും ഒപ്പം പാർക്കുകളിൽ എത്തുകയും അവിടെയുള്ള സൗകര്യങ്ങൾ ആസ്വദിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാലിപ്പോൾ സ്ത്രീകൾക്ക് പാർക്കിൽ കയറാൻ അനുവാദമില്ല. നിലവിൽ, കാബൂളിൽ മാത്രമാണ് നിരോധനമെങ്കിലും ഭാവിയിൽ അത് രാജ്യത്താകെയും നടപ്പിലാക്കും എന്നാണ് കരുതുന്നത്.
താലിബാൻ അധികാരത്തിൽ വന്ന ശേഷം അഫ്ഗാനിൽ സ്ത്രീകളുടെ ഓരോ അവകാശങ്ങളായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നത്.