മൂന്നാർ: കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് രണ്ട് യുവാക്കളിൽ നിന്നും 3.49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവാവിന് ഒരു വർഷം തടവും 10000 രൂപാ പിഴയും വിധിച്ചു. ദേവികുളം കോളനി ഗായത്രി ഭവനിൽ എസ്.മുത്തുകുമാർ (43)നെയാണ് ദേവികുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.ബി.ആനന്ദ് ശിക്ഷിച്ചത്. സംഭവത്തിൽ രണ്ടാം പ്രതിയായിരുന്ന ഇയാളുടെ ഭാര്യ മുരുകേശ്വരിയെ വെറുതെ വിട്ടു.
മൂന്നാം പ്രതിയായ തമിഴ്നാട് രാജപാളയം സ്വദേശി ആന്‍റണി രാജേന്ദ്രൻ (53) നെ പിടികൂടാനായിട്ടില്ല. 2013 ഫെബ്രുവരി മൂന്നിനാണ് മൂവരും ചേർന്ന് തട്ടിപ്പ് നടത്തിയത്. മൂന്നാർ സോദേശികളും എം ബി എ ബിരുദധാരികളുമായ എസ്.സതീശ്, ജെ.വിഗ് നേശ് എന്നിവരാണ് തട്ടിപ്പിനിരയായത്. യു പി എസ് സി നടത്തിയ ഷിപ്പിംഗ് മന്ത്രാലയത്തിലെ ജോലി ഒഴിവുകളിലേക്കുള്ള പരീക്ഷ ഇരുവരും എഴുതിയിരുന്നു. ഇത് മനസിലാക്കിയ മൂവരും ഇവരെ സമീപിച്ച് കേന്ദ്ര മന്ത്രിയുമായി അടുപ്പമുണ്ടെന്നും ജോലി വാങ്ങി നൽകാമെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്.