ദില്ലി: പീഡിഗ്രി സമരവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ഹൈക്കോടതി ശിക്ഷിച്ച പതിനാല് എബിവിപി പ്രവർത്തകരെ സുപ്രീംകോടതി വെറുതെ വിട്ടത് പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി. കുറ്റകൃത്യം നടത്തിയവരെ കണ്ടെത്താൻ പൊലീസ് നടത്തിയ തിരിച്ചറിയൽ പരേഡിൽ ഗുരുതരമായ വീഴ്ച ഉണ്ടായതായാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. തിരിച്ചറിയൽ പരേഡിലെ വ്യവസ്ഥകൾ ഈ കേസിൽ കൃതൃമായി പാലിച്ചില്ലെന്നും പതിനാല് പ്രതികളെ വെറുതെ വിട്ടുള്ള വിധിയിൽ കോടതി ചൂണ്ടിക്കാണിക്കുന്നു. പ്രതികൾ തന്നെയാണോ കുറ്റം ചെയ്തെന്ന് തെളിയിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, പി.എസ്.നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ശിക്ഷിച്ച പ്രതികളെ വെറുതെ വിട്ടത്. പൊതുമുതൽ നശിപ്പിക്കൽ, കലാപം സൃഷ്ടിക്കൽ, സംഘംചേരൽ എന്നിവയടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ ഹൈക്കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ചാണ് പ്രതികളെ കോടതി വെറുതെ വിട്ടത്.
കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്താനുള്ള നീക്കത്തിനെതിരെ 2000 ജൂലൈ 12ന്, എബിവിപി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. തുടർന്ന് സംഘർഷം ഉണ്ടാകുകയും പ്രവർത്തകരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് തൊട്ടടുത്ത ദിവസം എബിവിപി നടത്തിയ പ്രതിഷേധത്തിൽ തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ തകർത്തു. സംഘർഷത്തിനിടെ, കിഴക്കേകോട്ട കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ രാജേഷ് തലയ്ക്കടിയേറ്റ് മരിച്ചു. ഈ കേസിൽ തെളിവുകളില്ലെന്ന് കാട്ടി, പ്രതി ചേർക്കപ്പെട്ടവരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.