ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന നളിനി അടക്കമുള്ള ആറ് പ്രതികളും ജയിൽ മോചിതരായി. നളിനി, മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെയാണ് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോചിപ്പിച്ചത്. കോടതി ഉത്തരവ് ജയിലുകളിൽ എത്തിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ചതോടെയാണ് ആറുപേരും പുറത്തിറങ്ങിയത്. നളിനിയുടെ ഭർത്താവ് മുരുകൻ മറ്റു പ്രതികളായ ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ശ്രീലങ്കൻ സ്വദേശികളാണ്. പരോളിലുള്ള നളിനി വെല്ലൂരിലെ പ്രത്യക ജയിലിലും മുരുകനും ശാന്തനും വെല്ലൂർ സെൻട്രൽ ജയിലിലും, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ചെന്നൈ പുഴൽ ജയിലിലും രവിചന്ദ്രൻ തൂത്തുകൂടി സെൻട്രൽ ജയിലിലുമാണ് കഴിഞ്ഞ 30 വർഷമായി കഴിഞ്ഞിരുന്നത്. ജയിൽ മോചിതരായ ശ്രിലങ്കൻ സ്വദേശികളെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റി.
പേരറിവാളന്റെ മോചന ഉത്തരവിന്റെ ചുവട് പിടിച്ചാണ് ജസ്റ്റിസുമാരായ ബി ആർ ഗവായ്, ജസ്റ്റിസ് ബി വി നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ച് ജയിൽ മോചനത്തിനുള്ള നിർദ്ദേശം നൽകിയത്. തമിഴ്നാട് സർക്കാരിൻറെ നിലപാട് പരിഗണിച്ചാണ് പ്രതികളെ ജയിലിൽ മോചിതരാക്കാനുള്ള സുപ്രധാന ഉത്തരവ്. എല്ലാ പ്രതികളെയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടും ഗവര്‍ണര്‍ നടപടിയെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ മൂന്ന് പതിറ്റാണ്ടിലേറെ ജയിലില്‍ കിടന്നിട്ടുണ്ട്. അവരുടെ പെരുമാറ്റം തൃപ്തികരമാണ്. ഈ സാഹചര്യത്തിൽ പ്രതികളെ വിട്ടയ്ക്കാൻ ഉത്തരവിടുകയാണെന്നാണ് സുപ്രീം കോടതി മോചന ഉത്തരവിൽ വ്യക്തമാക്കിയത്.