ഷാര്‍ജ: യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു. അപകടമുണ്ടായ സ്ഥലത്തു നിന്ന് ഉടനെ രക്ഷപ്പെട്ട ഡ്രൈവറെ 48 മണിക്കൂറിനകം പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്‍തു. രണ്ട് ദിവസം മുമ്പുണ്ടായ അപകടത്തില്‍ മരണപ്പെട്ട പ്രവാസി ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.
ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്കുള്ള മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു അപകടം. ദുബൈയിലേക്കുള്ള ദിശയില്‍ ശൈഖ് ഖലീഫ ബ്രിഡ്ജിന് സമീപം കാല്‍നട യാത്രക്കാരന്‍ ആറ് വരിപ്പാത മുറിച്ചുകടക്കുന്നതിനിടെ ഒരു യുവാവ് ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നുവെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം 6.38നാണ് അപകടം സംബന്ധിച്ച് ഷാര്‍ജ പൊലീസിന് വിവരം ലഭിച്ചതെന്ന് ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്. കേണല്‍ ഒമര്‍ മുഹമ്മദ് ബു ഗനീം പറഞ്ഞു.
സംഭവം അറിഞ്ഞ ഉടനെ പൊലീസ് സംഘം സ്ഥലത്ത് കുതിച്ചെത്തിയെങ്കിലും പ്രവാസി അപ്പോഴേക്കും മരണപ്പെട്ടിരുന്നു. എന്നാല്‍ ഈ സമയത്തിനകം ഇടിച്ച വാഹനവുമായി ഡ്രൈവറും സംഭവസ്ഥലത്തു നിന്ന് കടന്നുകളഞ്ഞു. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവരെ കണ്ടെത്താനായി തെരച്ചില്‍ തുടങ്ങി. 30 വയസില്‍ താഴെ മാത്രം പ്രായമുള്ള ഡ്രൈവറെ 48 മണിക്കൂറിനകം പൊലീസ് അറസ്റ്റ് ചെയ്‍തു. കേസ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണിപ്പോള്‍.
വാഹനങ്ങള്‍ മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ഇത്തരം ഹൈവേകള്‍ അനധികൃതമായി കാല്‍നട യാത്രക്കാര്‍ മുറിച്ചുകടക്കരുതെന്ന് ഷാര്‍ജ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി. എല്ലായിപ്പോഴും ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കണം. അപകടങ്ങളുണ്ടായാല്‍ ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്തുകയും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യണം. അല്ലാത്തപക്ഷം ക്രിമിനല്‍ കുറ്റമായി അത് മാറുമെന്നും അദ്ദേഹം പറഞ്ഞു.