ബീഹാര്‍ : ബിഹാറിലെ നിതീഷ് കുമാര്‍ മന്ത്രിസഭയിലെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉപമുഖ്യമന്ത്രിമാരായ രേണു ദേവി, തര്‍കിഷോര്‍ പ്രസാദ്, മന്ത്രിമാരായ അശോക് ചൗധരി, വിജയ് ചൗധരി, സംസ്ഥാന മന്ത്രി സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ബീഹാറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 893 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒരു ഒമിക്രോണ്‍ കേസ് മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനനത്തിന്റെ ഭാഗമായി ബീഹാറില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നാളെ മുതല്‍ 14 ദിവസത്തെ രാത്രി കര്‍ഫ്യൂവും മറ്റ് നിയന്ത്രണങ്ങളും പ്രാബല്യത്തില്‍ വരും.
ഈ കാലയളവില്‍ പാര്‍ക്കുകള്‍, ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, മാളുകള്‍ എന്നിവ സംസ്ഥാനത്ത് അടഞ്ഞുകിടക്കും. നേരത്തെ സംസ്ഥാനത്ത് 150 ഓളം ഡോക്ടര്‍മാര്‍ കൊവിഡ് പോസിറ്റീവായി. പട്നയിലെ നളന്ദ മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലെ (എന്‍എംസിഎച്ച്) എഴുപത്തിരണ്ട് ഡോക്ടര്‍മാര്‍ക്ക് കൂടി ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചതായി മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.