കൊച്ചി: ഏതെങ്കിലും സാഹചര്യത്തിൽ കേരള മുഖ്യമന്ത്രിയാകേണ്ടി വന്നാല്‍ സ്വന്തം ചെലവിലായിരിക്കും കാറും പെട്രോളും ഡ്രൈവറുമെന്ന് ട്വന്‍റി 20 പാര്‍ട്ടിയുടെ ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബ്. കേരളത്തില്‍ മാറ്റത്തിനുവേണ്ടി ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു. ഇഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് സാബു എം. ജേക്കബ് അഭിപ്രായം പങ്കുവെച്ചത്.
തെലങ്കാനയിൽ നിന്നുള്ളൊരു എം.പിയാണ് കെജ്‌രിവാളുമായി അടുക്കണമെന്ന് നിർദ്ദേശിച്ചത്. ഒരു പൊതുസുഹൃത്ത് വഴി കെജ്‍രിവാളുമായി കൂടിക്കാഴ്ച ശരിയായി. ഡൽഹിയിൽ അദ്ദേഹം രാജകീയ സ്വീകരണം നൽകുകയും കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന് നിർദേശിച്ചിരിക്കയാണെന്ന് സാബു എം. ജേക്കബ് പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞതായും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
“എനിക്ക് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാകാൻ താൽപ്പര്യമില്ല. ഇനി ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളാല്‍ മുഖ്യമന്ത്രിയായാൽ എന്‍റെ സ്വകാര്യ കാർ ഉപയോഗിക്കും. ഞാൻ വാങ്ങിയ പെട്രോളിൽ ആയിരിക്കും കാർ ഓടിക്കുക, അതെന്‍റെ ഡ്രൈവർ ഓടിക്കും. എന്‍റെ സ്വന്തം ചെലവിൽ ഞാൻ കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോകും, സർക്കാർ ചെലവിലായിരിക്കില്ല”, സാബു ജേക്കബ് പറഞ്ഞു. ഏതാനും ആഴ്ചകള്‍ നീണ്ട പ്രചരണം കൊണ്ട് ട്വന്‍റി 20 പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം കോണ്‍ഗ്രസിനെ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണവേള മുതൽ ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചാണ്, ട്വന്‍റി 20യുടെ പ്രവര്‍ത്തനം നടക്കുന്നത്. ഇത്, സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കാനാണ് നീക്കം.