തിരൂർ: ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമില്‍ വീണ പെൺകുട്ടിക്ക് തുണയായി ആർപിഎഫ് ഉദ്യോഗസ്ഥൻ. കഴിഞ്ഞ ദിവസം തിരൂർ റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം. പുലർച്ചെ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ പെണ്‍കുട്ടി മെമു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന പിതാവ് ട്രെയിനിൽ കയറിയെങ്കിലും കുട്ടി കയറിയിരുന്നില്ല. എന്നാല്‍ വണ്ടി ഓടിത്തുടങ്ങിയത് അറിഞ്ഞതോടെ പെൺകുട്ടി ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടയിൽ നിയന്ത്രണം വിട്ട് പ്ലാറ്റ്ഫോമിലേക്ക് വീണു. പ്ലാറ്റ്ഫോമിലേക്ക് വീണ പെൺകുട്ടിയെ തൊട്ടടുത്തുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ സതീഷ് ഓടിവന്ന് പിടിച്ചു മാറ്റുകയായിരുന്നു. ഉദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപെടൽ ആണ് പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത്. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് പോകാതെ പെണ്‍കുട്ടിയ ഉദ്യോഗസ്ഥന്‍ പിടിച്ച് കയറ്റുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറൽ ആയതോടെ അവസരോചിതമായി പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ഇടപെട്ട ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്. ഇത്തരം അവസരങ്ങളിൽ വിവേകത്തോടെ ശാന്തമായി സുരക്ഷ കൂടി കണക്കിലെടുത്തെ കാര്യങ്ങൾ ചെയ്യാവൂ എന്നും യാതൊരു കാരണവശാലും നീങ്ങി തുടങ്ങിയ വണ്ടിയിൽ ഓടിക്കയറാനോ ഇറങ്ങാനോ ശ്രമിക്കരുതെന്നും ആർപിഎഫ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. അത്തരം സന്ദർഭങ്ങളിൽ ട്രെയിനിന്റെ ഇടയിലൂടെ ട്രാക്കിലേക്ക് വീഴാനുള്ള സാധ്യത ഏറെ ആണെന്നും പലപ്പോഴും അശ്രദ്ധയാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നും അവർ അറിയിച്ചു.
നവംബര്‍ ആദ്യവാരം ട്രെയിനിനിടയിലേക്ക് വീഴാൻ പോയ കുഞ്ഞിനെ പൊലീസുകാരന്‍ രക്ഷിച്ചിരുന്നു. മുംബൈ റെയിൽവേ സ്റ്റേഷനിലാണ് ആളുകൾ നോക്കി നിൽക്കെ അപകടം ഉണ്ടായത്. സ്റ്റേഷനിൽ നിന്ന് പുറപ്പെടാൻ തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിനെ എടുത്ത സ്ത്രീ കാൽ വഴുതി വീഴുകയായിരുന്നു. ഇത് കണ്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉടൻ ചാടി വീണ് ഇവരെ പിടിച്ച് വലിക്കുകയായിരുന്നു.