പമ്പ / നിലയ്ക്കല്‍: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ബുധനാഴ്ച നട തുറക്കുന്നതിന് മുമ്പ് നിലക്കയ്ക്കലും പമ്പയിലും ഒരുക്കങ്ങൾ പൂർത്തിയാവില്ല. ശുചിമുറികൾ മുതലുള്ള നിർമ്മാണ പ്രവർത്തനങ്ങളെല്ലാം ഇഴഞ്ഞാണ് നീങ്ങുന്നത്. തുടർച്ചായിയുണ്ടായ മഴയാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകാൻ കാരണമെന്നാണ് ദേവസ്വം ബോർഡിന്‍റെ വിശദീകരണം.സെപ്റ്റംബർ ആദ്യം മുതൽ തന്നെ ശബരിമല തീർത്ഥാടനത്തിന്‍റെ ആലോചന യോഗങ്ങളും അവലോകനങ്ങളും തുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് മന്ത്രിമാർ പമ്പയിൽ നേരിട്ടെത്തി സ്ഥിതി ഗതികൾ വിലയിരുത്തി. നവംബർ 11 ന് മുമ്പ് മുഴുവൻ ക്രമീകരണങ്ങളും ഒരുക്കുമെന്നായിരുന്നു സർക്കാറിന്‍റെയും ദേവസ്വം ബോർഡിന്‍റെയും പ്രഖ്യാപനം. എന്നാല്‍, നിര്‍മ്മാണ പ്രവര്‍ത്തവങ്ങളൊന്നും സമയബന്ധിതമായി നടന്നില്ല.
ആയിരകണക്കിന് താർത്ഥാടകർ വിരിവെയ്ക്കുന്ന പമ്പ് മണപ്പുറത്ത് അതിനുള്ള സൗകര്യങ്ങളൊന്നും ഒരുങ്ങിയിട്ടില്ല. ഞുണുങ്ങാറിന് കുറുകെ നിർമ്മിച്ച പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെയും സംരക്ഷണ ഭിത്തിയുടെയും നിർമ്മാണം പാതി വഴിയിലാണ്. കടുത്ത വെയിൽ ഉണ്ടായാൽ പമ്പയിൽ എത്തുന്ന തീർത്ഥാടകർ പന്തലുകളും തണൽ കിട്ടാനുള്ള സംവിധാനങ്ങളും ഇല്ലാതെ വലയും. തീർത്ഥാടനത്തിന്‍റെ ബേസ് ക്യാമ്പായ നിലക്കലും സ്ഥിതി വ്യത്യസ്തമല്ല. തീർത്ഥാടകരുടെ എണ്ണത്തിനനുസരിച്ചുള്ള ശൗചാലയങ്ങളും ഇതുവരെ ക്രമീകരിക്കപ്പെട്ടിട്ടില്ല. ഇനി ഉള്ളവയാകട്ടെ അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കാലാവസ്ഥ പ്രതികൂലമാവുമെന്നത് മുന്നിൽ കണ്ട് ദേവസ്വം ബോർഡ് ജോലികൾ നേരത്തെ തുടങ്ങിയില്ലെന്നും ആക്ഷേപമുണ്ട്.