തിരുവനന്തപുരം: ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ചിരുന്ന കാർ അടിച്ച് തകർത്ത സംഭവത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. പൗഡിക്കോണം പാണൻവിള നക്ഷത്രയിൽ അജിത്കുമാർ (43), ഇദ്ദേഹത്തിന്റെ അമ്മാവൻ കല്ലിയൂർ സ്വദേശി ജയപ്രകാശ് ഗൗതമൻ (75) എന്നിവരാണ് ബാലരാമപുരം പൊലീസ് കസ്റ്റയിലുള്ളത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ബാലരാമപുരം കൊടിനട ജംഗ്ഷനിലാണ് സംഭവം.
കോട്ടയം അയർക്കുന്നം സ്വദേശി ജോർജ് ജോസി (48) ന്റെ കാറാണ് അടിച്ച് തകർത്തത്. ജോർജ് ജോസിന്റെ ഭാര്യയും മൂന്ന് മക്കളും ഒപ്പമുണ്ടായിരുന്നു. കൈത്തറി വസ്ത്രങ്ങൾ വാങ്ങാൻ കോട്ടയത്ത് നിന്നും ബാലരാമപുരത്ത് എത്തിയ കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. ജോസും കുടുംബവുമായി വന്ന ഫോർഡ് കാർ തൊട്ട് മുന്നിൽ പോയ അജിത് കുമാറിന്റെ സാൻഡ്രോ കാറിന്റെ പുറകിൽ തട്ടിയതാണ് സംഘർഷങ്ങൾക്ക് തുടക്കം.
കാർ തട്ടിയിട്ടും വാഹനം നിർത്താതെ ജോർജ് ജോസ് മുന്നോട്ട് പോകാന്‍ ശ്രമിച്ചത് അജിത് കുമാറിനെ ദേഷ്യം പിടിപ്പിച്ചു. ഉടൻ തന്നെ ഇദ്ദേഹം കാറിൽ നിന്നും പുറത്തിറങ്ങി ജോർജ് ജോസുമായി വാക്കേറ്റം തുടര്‍ന്നു. പിന്നാലെ കാറിന്റെ മുൻ ഗ്ലാസും ഡോർ ഹാൻഡിലും തകർത്തു. തർക്കം രൂക്ഷമായതോടെ നാട്ടുകാരും തടിച്ചുകൂടി. വിവരമറിയിച്ചതിനെ തുടർന്ന് ബാലരാമപുരം പൊലീസും സ്ഥലത്തെത്തി. തുടര്‍ന്ന് അജിത്കുമാറിനെയും ഒപ്പമുണ്ടായിരുന്ന അമ്മാവനെയും ഇരുവരും സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റയിയില് എടുക്കുകയായിരുന്നു.