കൊച്ചി ∙ കുഫോസ് വിസി നിയമനത്തിന് സേർച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമായെന്ന് ഹൈക്കോടതി. സേർച് കമ്മിറ്റി ചെയർമാന്റെ നിയമനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഹൈക്കോടതി വിമർശിച്ചു. സർക്കാർ ജീവനക്കാരനല്ലാത്ത ഡോ.വി.കെ.രാമചന്ദ്രനെ സേർച് കമ്മിറ്റിയുടെ തലവനാക്കി. ഡോ.കെ.റിജി ജോണിനെ വൈസ് ചാൻസലറാക്കുക എന്നത് മാത്രമായിരുന്നു കമ്മിറ്റിയുടെ ലക്ഷ്യം. യുജിസി പ്രതിനിധി ഇല്ലാത്ത സേർച് കമ്മിറ്റിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചത് തെറ്റാണെന്നും ഹൈക്കോടതി പറഞ്ഞു.
ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) വൈസ് ചാൻസലറായി ഡോ.കെ.റിജി ജോണിനെ നിയമിച്ച നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. സേർച്ച് കമ്മിറ്റി ഏകകണ്ഠമായി ഡോ.കെ.റിജി ജോണിന്റെ പേര് നിർദേശിച്ചതു സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നും അക്കാദമിക യോഗ്യതയില്ലാത്തവരാണ് സേർച് കമ്മിറ്റിയിലുണ്ടായിരുന്നതെന്നുമായിരുന്നു നിയമനത്തിനെതിരെ ഹർജി നൽകിയവരുടെ വാദം. മൂന്നു പേർ ഉൾപ്പെടുന്ന പട്ടികയാണ് സേർച് കമ്മിറ്റി നൽകേണ്ടത്. ഒറ്റ പേരു മാത്രം നൽകിയത് നിയമ വിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.
യുജിസി മാനദണ്ഡങ്ങൾക്കു വിരുദ്ധമായിട്ടാണ് നിയമനം എന്നാരോപിച്ച് വിസി നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം കടവന്ത്ര സ്വദേശിയായ ഡോ.കെ.കെ. വിജയൻ ഉൾപ്പടെയുള്ളവർ നൽകിയ ഹർജികളിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.