മനാമ : ബഹ്‌റൈന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ആറു പേര്‍ക്ക് വിജയം. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത പാശ്ചാത്തലത്തില്‍ 34 സീറ്റുകളിലേക്ക് നവംബര്‍ 19ന് രണ്ടാം ഘട്ട മത്സരം നടക്കും. രണ്ടാം റൗണ്ടില്‍ സിറ്റിങ് എംപിമാരായ 18 പേര്‍ മാറ്റുരക്കുന്നു. ഒമ്പത് വനിതകള്‍ രണ്ടാം റൗണ്ടില്‍ മത്സരരംഗത്തുണ്ട്. ആദ്യ റൗണ്ടില്‍ നിലവിലെ എംപിമാരായ ഒമ്പതു പേര്‍ പരാജയപ്പെട്ടു.
ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ രണ്ട് പേരാണ് രണ്ടാം റൗണ്ടില്‍ മത്സരിക്കുക. ബഹ്‌റൈന്‍ നിയമപ്രകാരം, ഒരുസ്ഥാനാര്‍ഥിക്ക് വിജയിക്കണമെങ്കില്‍ മണ്ഡലത്തിലെ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കണം. പാര്‍ലമെന്റിന്റെ അധോസഭയായ കൗണ്‍സില്‍ ഓഫ് റപ്രസന്റെറ്റീവ്‌സിലെ 40 സീറ്റിലേക്കും മുനിസിപ്പല്‍ കൗണ്‍സിലെ 30 സീറ്റിലേക്കും ശനിയാഴ്ചയാണ് പൊതു തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ 73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 2002 ല്‍ ബഹ്‌റൈന്‍ ഭരണഘടനാപരമായ രാജവാഴ്ചയായതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങാണിത്. 2018ല്‍ 67 ശതമാനമായിരുന്നു പോളിങ്.
സിറ്റിങ് എംപിമാരായ അബ്‌ദുന്നബി സല്‍മാന്‍ (നോര്‍തേണ്‍ ഗവര്‍ണറേറ്റ് എട്ടാം മണ്ഡലം), സൈനബ് അബ്ദുല്‍ അമീര്‍ (കാപിറ്റല്‍ ഗവര്‍ണറേറ്റ് ഏഴാം മണ്ഡലം), ഹിഷാം അല്‍ അഷീരി (മുഹറഖ് ആറാം മണ്ഡലം), അലി അന്നുഐമി (ദക്ഷിണ ഗവര്‍ണറേറ്റ് ഏഴാം മണ്ഡലം) എന്നിവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കാപിറ്റല്‍ ഗവര്‍ണറേറ്റ് ഒന്നാം മണ്ഡലത്തില്‍നിന്ന് മുഹമ്മദ് ഹുസൈന്‍ ജനാഹിയും മുഹറഖ് എട്ടാം മണ്ഡലത്തില്‍നിന്ന് അഹ്‌മദ് സല്‍മാന്‍ അല്‍ മുസലമും വിജയിച്ചു.
കാപിറ്റല്‍ ഗവര്‍ണറേറ്റിലെ ഒന്നാം മണ്ഡലത്തില്‍ മത്സരിച്ച സൗസണ്‍ കമാല്‍, ആറാം മണ്ഡലത്തിലെ മഅ്‌സൂമ അബ്ദുറഹീം, എട്ടാം മണ്ഡലത്തിലെ ഫാദില്‍ അസ്സവാദ്, ഉത്തര ഗവര്‍ണറേറ്റിലെ രണ്ടാം മണ്ഡലത്തില്‍ ഫാത്തിമ അല്‍ ഖത്തരി, ഏഴാം മണ്ഡലത്തില്‍ അഹ്‌മദ് അല്‍ ദമസ്താനി, ഒമ്പതാം മണ്ഡലത്തില്‍ യൂസുഫ് സൈനല്‍, 11ാം മണ്ഡലത്തില്‍ മുഹമ്മദ് ബൂ ഹമൂദ്, മുഹറഖ് ഒന്നാം മണ്ഡലത്തില്‍ ഹമദ് അല്‍ കൂഹ്ജി, ദക്ഷിണ ഗവര്‍ണറേറ്റില്‍ ഈസ അദ്ദൂസരി എന്നീ സിറ്റിങ് എംപിമാരാണ് പരാജയപ്പെട്ടത്.
മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ഏഴുപേര്‍ മാത്രമാണ് ജയിച്ചത്. 44 പേര്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു. പാര്‍ലമെന്റിലേക്ക് 334 സ്ഥാനാര്‍ഥികളും നോര്‍തേണ്‍, സതേണ്‍, മുഹറഖ് എന്നീ മുനിസിപ്പല്‍ കൗണസിലിലേക്ക് 173 സ്ഥാനാര്‍ഥികളുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. പാര്‍ലമെന്റിലേക്ക് 94 വനിതകള്‍ മത്സരിച്ചു. ഫൗസിയ സൈനല്‍, യൂസുഫ് അല്‍ തവാദി, അബ്ദുറസാഖ് ഹിതാബ്, മുഹമ്മദ് അല്‍ അബ്ബാസി, ഈസ അല്‍ കൂഹ്ജി, അമ്മാര്‍ ഖംബര്‍, ഗാസി ആല്‍ റഹ്‌മ എന്നീ ഏഴ് സിറ്റിങ് എംപിമാര്‍ ഇത്തവണ മത്സരിക്കുന്നില്ല. ആദില്‍ അസൂമിയുടെ പത്രിക സ്വീകരിക്കാത്തതിനാല്‍ മത്സരിക്കനായില്ല.