ചെന്നൈ∙ രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതരായ ശ്രീലങ്കക്കാരെ നാടുകടത്തും. മുരുകൻ, ശാന്തൻ, റോബർട് പയസ്, ജയകുമാർ എന്നിവരെയാണ് ശ്രീലങ്കയിലേക്ക് നാടുകടത്തുന്നത്. പത്ത് ദിവസത്തിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കുമെന്ന് തിരുച്ചിറപ്പള്ളി ജില്ലാ കലക്ടർ എം.പ്രദീപ് കുമാർ അറിയിച്ചു.
30 വർഷത്തിലേറെ നീണ്ട ജയിൽ ജീവിതത്തിനുശേഷം രാജീവ് ഗാന്ധി വധക്കേസിലെ മുഴുവൻ പ്രതികളും ജയിൽ മോചിതരായിരുന്നു. വെല്ലൂരിലെ ജയിലിൽനിന്ന് നളിനി, ഭർത്താവ് ശ്രീഹരൻ (മുരുകൻ), ശാന്തൻ എന്നിവരാണ് ആദ്യം പുറത്തിറങ്ങിയത്.
പുഴൽ ജയിലിൽനിന്ന് റോബർട്ട് പയസ്, സഹോദരീ ഭർത്താവ് ജയകുമാർ എന്നിവരും മധുര സെൻട്രൽ ജയിലിൽനിന്ന് പരോളിലുള്ള രവിചന്ദ്രനും പിന്നാലെ മോചിതരായി. നേരത്തേ മോചനം നേടിയ പേരറിവാളൻ അമ്മ അർപ്പുതമ്മാളിനൊപ്പം ഇവരെ സ്വീകരിക്കാൻ എത്തിയിരുന്നു.
മുരുകൻ, ശാന്തൻ, റോബർട്ട്, ജയകുമാർ എന്നിവർ ശ്രീലങ്കൻ പൗരന്മാരായതിനാൽ തിരുച്ചിറപ്പള്ളിയിലെ വിദേശി അഭയാർഥിക്യാംപിലേക്കു മാറ്റിയിരുന്നു. ശാന്തൻ ലങ്കയിലേക്കു മടങ്ങാൻ സന്നദ്ധത അറിയിച്ചിരുന്നു. ലണ്ടനിലുള്ള മകൾ ഹരിത്രയെ കാണാൻ പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനൊരുങ്ങുകയാണ് മുരുകനും നളിനിയും.
ഇതിനിടെ, നളിനി ഭർത്താവ് മുരുകനെ തിരുച്ചിറപ്പള്ളിയിലെ അഭയാർഥി ക്യാപിലെത്തി സന്ദർശിച്ചു. ഭർത്താവിനൊപ്പം കുടുംബമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നളിനി പറഞ്ഞു. ഭർത്താവ് എവിടെ പോയാലും കൂടെ പോകും. 32 വർഷമായി ഞങ്ങൾ വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഞങ്ങളുടെ കുടുംബം ഞങ്ങൾക്കായി കാത്തിരിക്കുകയാണെന്നും നളിനി പറഞ്ഞു.