ലോകജനസംഖ്യ ചൊവ്വാഴ്ച 800 കോടി കടക്കുമെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോർട്ട്. യു.എന്നിന്‍റെ ‘വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ടസി’ലാണ് നവംബർ 15ന് ലോകജനസംഖ്യ 800 കോടി കടക്കുമെന്ന് വ്യക്തമാക്കിയത്. എയ്റ്റ് ബില്യൺ ഡേ എന്നാണ് ഈ ചരിത്ര ദിവസത്തെ യു.എൻ വിശേഷിപ്പിക്കുന്നത്.
2030ൽ ലോക ജനസംഖ്യ 8.5 ബില്യൺ ആവുമെന്നും 2050തോടെ ഇത് 900 കോടി കടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്തവർഷത്തോടെ ഇന്ത്യ ജനസംഖ്യയിൽ ഒന്നാമതെത്തുമെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ ചൈനയാണ് ഏറ്റവു കൂടുതൽ ജനസംഖ്യയുള്ള രാജ്യം.
ആരോഗ്യമേഖലയിലുണ്ടായ പുരോഗതി വിസ്മയത്തോടെ വീക്ഷിക്കുന്നതിനുള്ള അവസരമാണ് ഇതെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്‍റോണിയോ ഗുട്ടറസ് പറഞ്ഞു. ആയുർദൈർഘ്യം വർധിക്കുകയും ശിശുമരണ നിരക്ക് കുറയുകയും ചെയ്യുന്ന വിധം പുരോഗതി നേടി. ഭൂമിയെ സംരക്ഷിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും യു.എൻ സെക്രട്ടറി ജനറൽ കൂട്ടിച്ചേർത്തു.
ജനസംഖ്യയുടെ ഭൂരിഭാഗം വർധനയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പീൻസ്, യുനൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ എന്നീ രാജ്യങ്ങളിലാണ് ഉണ്ടാവുകയെന്നും റിപ്പോർട്ടിലുണ്ട്