ന്യൂഡൽഹി ∙ കൊലപ്പെടുത്തിയ ശേഷം 35 കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച ശ്രദ്ധയുടെ മുഖം അഫ്താബ് എന്നും എടുത്തു നോക്കിയിരുന്നതായി വെളിപ്പെടുത്തൽ. ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങൾ സൂക്ഷിച്ച ഫ്രിജിൽത്തന്നെ അഫ്താബ് ഭക്ഷണ സാധനങ്ങളും സൂക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. ശ്രദ്ധയെ വെട്ടിമുറിച്ച മുറിയിൽതന്നെയാണ് അഫ്താബ് കിടന്നുറങ്ങിയതെന്നുമാണ് വിവരം.
ശ്രദ്ധയെ പരിചയപ്പെടുന്നതിനു മുൻപും അഫ്താബിന് നിരവധി പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നതായും വെളിപ്പെടുത്തൽ. കൊലപാതകത്തിനു മുൻപ് അഫ്താബ് നിരവധി ക്രൈം സിനിമകളും അമേരിക്കൻ ക്രൈം സീരിസായ ഡെക്സ്റ്റർ ഉൾപ്പെടെ നിരവധി വെബ് സീരിസുകൾ കണ്ടിരുന്നു.
‘ഞാൻ അവളെ കൊന്നു’ എന്ന് അഫ്താബ് ഇടയ്ക്കിടക്ക് പറയാറുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിനു പിന്നാലെ ഇംഗ്ലീഷിൽ മാത്രമാണ് അഫ്താബ് പൊലീസിനോടു സംസാരിച്ചത്. തനിക്ക് ഹിന്ദി അറിയില്ല എന്നാണ് അഫ്താബ് പൊലീസിനോടു പറഞ്ഞത്. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം സൾഫർ ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് രക്തക്കറ തുടച്ചു നീക്കിയതായും അഫ്താബ് പൊലീസിനോടു പറഞ്ഞു.
അഫ്താബിൽനിന്ന് ശ്രദ്ധയ്ക്ക് രക്ഷപ്പെടണമെന്ന് ഉണ്ടായിരുന്നെന്നും എന്നാൽ അതിനു കഴിയും മുമ്പേ കൊല്ലപ്പെട്ടെന്നും ശ്രദ്ധയുടെ സുഹൃത്തുക്കൾ പറഞ്ഞു. ‘ഈ വീട്ടിൽനിന്ന് ഇറക്കാൻ സഹായിച്ചില്ലെങ്കിൽ അഫ്താബ് എന്നെ കൊല്ലുമെന്ന് ശ്രദ്ധ എനിക്ക് വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു. ഞങ്ങൾ അഫ്താബിനെ പോയി കണ്ട് ശ്രദ്ധയെ ഉപദ്രവിക്കരുതെന്ന് താക്കീത് കൊടുത്തിരുന്നു. പക്ഷേ ശ്രദ്ധ വേണ്ട എന്ന് പറഞ്ഞതിനാൽ പൊലീസിൽ അറിയിച്ചില്ല. അവളുടെ ആഗ്രഹം പോലെ നടക്കട്ടെ എന്നു കരുതി ഞങ്ങൾ അത് വിടുകയായിരുന്നു.’– ശ്രദ്ധയുടെ സുഹൃത്തായ ലക്ഷ്മൺ നാഡാർ പറഞ്ഞു. ലക്ഷ്മണാണ് ശ്രദ്ധയെ കാണാനില്ലെന്ന വിവരം ശ്രദ്ധയുടെ പിതാവിനെ അറിയിക്കുന്നത്. തുടർന്ന് ശ്രദ്ധയുടെ പിതാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.