ന്യൂഡൽഹി∙ വാട്സാപ്പിന്റെ ഇന്ത്യൻ മേധാവി അഭിജിത് ബോസ് രാജിവച്ചു. വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യൻ മേധാവി അജിത് മോഹൻ രാജിവച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് അഭിജിത്തിന്റെ രാജി. മെറ്റയുടെ ഇന്ത്യയിലെ പബ്ലിക് പോളിസി മേധാവി രാജീവ് അഗർവാളും രാജിവച്ചു. മെറ്റ പ്രസ്താവനയിലൂടെയാണ് അഭിജിത്തിന്റെ രാജി അറിയിച്ചത്.
അഭിജിത് ബോസിന്റെ ബൃഹത്തായ സേവനങ്ങൾക്ക് വാട്സാപ് മേധാവി വിൽ കാത്കാർട്ട് നന്ദി അറിയിച്ചു. ‘ദശലക്ഷക്കണക്കിന് ആളുകൾക്കും ബിസിനസുകൾക്കും പ്രയോജനകരമായ പുതിയ സേവനങ്ങൾ നൽകാൻ ഞങ്ങളുടെ ടീമിനെ അദ്ദേഹത്തിന്റെ സംരംഭകത്വ മികവ് സഹായിച്ചു. ഇന്ത്യയ്ക്കു വേണ്ടി നിരവധി കാര്യങ്ങൾ വാട്സാപ്പിന് ചെയ്യാനുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിന് സഹായകമാകുന്ന തരത്തിൽ തുടരുന്നതിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്’– കാത്കാർട്ട് അറിയിച്ചു. ടെക് ഭീമനായ ശിവനാഥ് തുക്രാലിനെ ഇന്ത്യയിലെ മെറ്റായുടെ പബ്ലിക് പോളിസി ഡയറക്ടറായി നിയമിച്ചതായും കാത്കാർട്ട് പ്രഖ്യാപിച്ചു.