ദില്ലി: ദില്ലിയിൽ ഒപ്പം താമസിച്ചിരുന്ന പങ്കാളിയെ കൊലപ്പെടുത്തി, കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം നടന്നിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. മറ്റൊരു അരുംകൊലയുടെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മധ്യപ്രദേശിലാണ് സംഭവം. യുവതിയെ കഴുത്തറത്ത് കൊന്ന് വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് യുവാവ്. ഒരാഴ്ച മുമ്പായിരുന്നു സംഭവം നടന്നത്. ശിൽപ ജാരിയ എന്ന യുവതിയാണ് കൊല ചെയ്യപ്പെട്ടത്. പ്രതിയായ അഭിജിത് പതിദാറിനായി അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. ജബൽപൂരിലെ മേഖ്‌ല റിസോർട്ടിലെ മുറിയിൽ നിന്നാണ് രക്തം പുരണ്ട മൃതദേഹം കണ്ടെത്തിയത്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, വിശ്വാസവഞ്ചന കാണിക്കരുത് എന്ന് അഭിജിത്ത് പറയുന്നത് കേൾക്കാം. ഒപ്പം കഴുത്ത് മുറിച്ച് മാറ്റിയ നിലയിൽ, കട്ടിലിൽ കിടക്കുന്ന മൃതദേഹത്തെ പുതപ്പുയർത്തി മാറ്റി കാണിക്കുന്നുണ്ട്. മറ്റൊരു വീഡിയോയിൽ താൻ പട്നയിൽ നിന്നുള്ള വ്യാപാരിയാണെന്ന് അഭിജിത് സ്വയം പരിചയപ്പെടുത്തുന്നുണ്ട്. തന്റെ ബിസിനസ് പങ്കാളിയായ ജിതേന്ദ്ര കുമാറുമായി ശിൽപക്ക് ബന്ധമുണ്ടെന്നാണ് ഇയാളുടെ ആരോപണം.
ജിതേന്ദ്രയിൽ നിന്ന് ഏകദേശം 12 ലക്ഷം രൂപ കടം വാങ്ങി ശിൽപ ജബൽപൂരിലേക്ക് രക്ഷപ്പെട്ടതായി അഭിജിത്ത് പറഞ്ഞു. ജിതേന്ദ്രയുടെ നിർദേശപ്രകാരമാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും ഇയാൾ വ്യക്തമാക്കുന്നുണ്ട്. സ്വർഗത്തിൽ വെച്ച് കണ്ടുമുട്ടാം എന്നും ഇയാൾ പറയുന്നു. ജിതേന്ദ്രയുടെ സഹായിയായ സുമിത് പട്ടേലിന്റെ പേരും അഭിജിത്ത് വെളിപ്പെടുത്തി. ജിതേന്ദ്രയെയും സുമിത്തിനെയും ബിഹാറിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജബൽപൂർ പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.
പറ്റ്‌നയിലെ ജിതേന്ദ്രയുടെ വീട്ടിൽ അഭിജിത്ത് ഒരു മാസത്തോളം താമസിച്ചിരുന്നതായി സ്‌പെഷ്യൽ പോലീസ് സൂപ്രണ്ട് പ്രിയങ്ക ശുക്ല പറഞ്ഞു. ബിഹാറിന് പുറമെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ അഭിജിത്തിനെ തേടി പോലീസ് സംഘത്തെ അയച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
പ്രതികൾ നവംബർ ആറിന് മേഖ്‌ല റിസോർട്ടിൽ മുറിയെടുത്തിരുന്നു. “അന്ന് രാത്രി അയാൾ മുറിയിൽ തനിച്ചായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. അടുത്ത ദിവസം, ഒരു സ്ത്രീ ഉച്ചതിരിഞ്ഞ് റിസോർട്ടിൽ ഇയാളെ കാണാൻ വന്നു, അവർ ഭക്ഷണം ഓർഡർ ചെയ്തു. ഏകദേശം ഒരു മണിക്കൂറിന് ശേഷം പ്രതി ഹോട്ടൽ മുറി പൂട്ടി തനിച്ചിറങ്ങിപ്പോയി.” കൊലപാതകത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് അഡീഷണൽ പോലീസ് സൂപ്രണ്ട് ശിവേഷ് ബാഗേൽ പറഞ്ഞു,
നവംബർ എട്ടിന് ഹോട്ടൽ മാനേജ്‌മെന്റ് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്. പൊലീസിന്റെ സൈബർ സെല്ലിനൊപ്പം നാല് പ്രത്യേക സംഘങ്ങളും പ്രതികൾക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.