ന്യൂഡൽഹി∙ വിമാനയാത്രയിൽ മാസ്ക് നിർബന്ധമെന്ന നിബന്ധന ഒഴിവാക്കി വ്യോമയാന മന്ത്രാലയം. കോവിഡ് കേസുകൾ കുറയുന്നിനിടയിലും യാത്രക്കാർ മാസ്ക് വയ്ക്കുന്നത് അഭികാമ്യമാണെന്നും എന്നാൽ മാസ്ക് ഇല്ലെങ്കിലും നടപടി വേണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇതുവരെ വിമാനയാത്രയിൽ മാസ്ക് വയ്ക്കുകയോ മുഖം മറയ്ക്കുകയോ ചെയ്യണമെന്ന് നിർബന്ധമായിരുന്നു.
വിമാനക്കമ്പനികൾക്കാണ് ഇതുസംബന്ധിച്ച അറിയിപ്പു നൽകിയിരിക്കുന്നത്. നിലവിൽ ആകെ ജനസംഖ്യയുടെ 0.02% ആളുകളെ മാത്രമാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. രോഗം ഭേദമാകുന്നവരുടെ നിരക്ക് 98.79 ശതമാനവുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.