ദില്ലി: ജമ്മുകശ്മീരിലെ കത്വ കൂട്ടബലാംത്സംഗ കേസിലെ പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം സുപ്രീംകോടതി തള്ളി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും ജമ്മു കശ്മീർ ഹൈക്കോടതിയും പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വിധിച്ച പ്രതിയെ മുതിര്‍ന്ന ആളായി തന്നെ കണക്കാക്കി വിചാരണ നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
ശുഭം സംഗ്ര എന്ന പ്രതിയെ മുതിര്‍ന്ന ആളായി തന്നെ കണക്കാക്കണമെന്ന് ജസ്റ്റീസുമാരായ അജയ് രസ്‌തോഗി, ജെ.ബി പര്‍ദീവാല എന്നിവര്‍ നിർദ്ദേശിച്ചു. കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം കോടതി തള്ളി. 2019 ജൂണിലാണ് രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാത്സംഗം നടന്നത്. ജമ്മു കശ്മീരിലെ കത്വയിൽ എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
എട്ടു വയസു മാത്രമുണ്ടായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പത്താന്‍കോട്ടിലെ പ്രത്യേക കോടതി മൂന്നു പ്രതികളെ ജീവപര്യന്തം തടവിന് വിധിച്ചു. തെളിവ് നശിപ്പിച്ചു എന്ന കുറ്റത്തിന് മൂന്നു പൊലീസുകാരെ അഞ്ചു വര്‍ഷത്തെ തടവിനും വിധിച്ചു. പ്രായപൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി ശുഭം സംഗ്രാം എന്ന പ്രതിയുടെ വിചാരണ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിലേക്കു മാറ്റുകയായിരുന്നു. കേസിലെ മുഖ്യപ്രതി സഞ്ചി റാമിന്റെ അനന്തിരിവനാണ് ശുഭം.